ജീവകാരുണ്യത്തിന് പൊതുവേദി വേണമെന്ന് ആവശ്യം
സഹായം നാട്ടിൽ മാത്രമല്ല ആവശ്യം : കഷ്ടപ്പെടുന്നവരിൽ പ്രവാസികളും ധാരാളം
രാജീവ് വെള്ളിക്കോത്ത്
മനാമ : നാട്ടിലെ മിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളിലും നേരിട്ടും അല്ലാതെയും കൈയയച്ച് സഹായിക്കുന്നവരാണ് മിക്ക പ്രവാസികളും. സോഷ്യൽ മീഡിയകൾ വ്യാപകമായതോടെ ഇത്തരം പിരിവുകളും, സംഭാവന നൽകുന്നതും ഊർജ്ജിതമായിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുന്പ് അർബുദം കാരണം ബുദ്ധിമുട്ട് സഹിക്കുന്ന ആര്യ എന്ന പെൺകുട്ടിക്ക് വേണ്ടിയുള്ള ചികിത്സയ്ക്കായി വലിയൊരു ധനശേഖരണമാണ് പ്രവാസ ലോകത്ത് നിന്നും നടന്നത്. അതിന് വഴിയൊരുക്കിയത് ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരുടെ ഒരു വാട്സ്ആപ്പ് കൂട്ടായ്മയായിരുന്നു. ഇതോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാസികളും ആ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി കൈകോർത്തു. പിന്നീട് സർക്കാരും ഉണർന്ന് പ്രവർത്തിച്ചു. പ്രവാസികളുടെ ഉദാര മനസ്കതയാണ് ഇത്തരം സംരഭങ്ങൾ വിജയിക്കാൻ കാരണം.
അതേസമയം ആര്യയുടേത് പോലെ വേറിട്ട സംഭവങ്ങളിൽ അത്യാവശ്യമായി ചെയ്യേണ്ട സഹായങ്ങൾ നല്ലതു തന്നെയാണെങ്കിലും കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ജീവകാരുണ്യ സ്ഥാപനങ്ങൾക്കും അതിന്റെ നടത്തിപ്പുകാർക്കും വേണ്ടി പ്രവാസികൾ പിരിക്കേണ്ടതില്ലെന്നുമുള്ള അഭിപ്രായങ്ങൾ ഇപ്പോൾ ശക്തമായി വരികയാണ്. കേരളത്തിൽ ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവർത്തകന് വേണ്ടി സഹായം നൽകാൻ ആര്യയ്ക്ക് സഹായം നൽകിയ സാമൂഹ്യപ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മ മുൻകൈയെടുത്തപ്പോഴാണ് ഇത്തരത്തിൽ ഒരു വിഷയം ഉയർന്ന് വന്നിരിക്കുന്നത്. കഷ്ടത അനുഭവിക്കുന്ന പ്രവാസികൾ നമുക്കിടയിൽതന്നെ ഉണ്ടെന്നുള്ള വസ്തുതയാണ് പലരെയും ഇത്തരത്തിൽ ചിന്തിപ്പിക്കുന്നതിന് കാരണം. പ്രവാസികൾ ചിലർ മരിക്കുന്പോൾ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ പോലും പണമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേർ ഉണ്ട്. തങ്ങളുടെ ദൈന്യത പലപ്പോഴും പുറം ലോകത്തോട് വിളിച്ചു പറയാൻ കഴിയാത്ത ഇത്തരക്കാരെ സഹായിക്കുന്നതിന് പകരം നാട്ടിലുള്ളവർക്ക് സഹായം എത്തിക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് ചില ഇടങ്ങളിൽ നിന്ന് ഉയരുന്ന സംശയം. കൈ അകലത്തുള്ളവരുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചിട്ട് പോരെ നാട്ടിലുള്ളവരുടെ ജീവകാരുണ്യം എന്നും ചോദ്യമുയരുന്നു. കൃത്യമായി ശന്പളവും ജോലിയും ഇല്ലാതെ നിരവധി കുടുംബങ്ങൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കഴിയുന്നത്. ഇത്തരം കുടുംബങ്ങളെ അടുത്തറിയുന്നവർക്ക് അവരെ സഹായിക്കാനും അവരുടെ അവസ്ഥ പ്രവാസി സമൂഹത്തോട് പറയുവാനുമുള്ള ഒരു വേദിയുടെ ആവശ്യമാണ് ഇപ്പോൾ ഇവിടെ ഉള്ളത്. ഇന്ത്യൻ എംബസിക്ക് കീഴിൽ ഐ.സി.ആർ.എഫ് എന്ന സംഘടന ഉണ്ടെങ്കിൽ പോലും പലപ്പോഴും സഹായിക്കേണ്ടുന്ന ഘട്ടം കഴിഞ്ഞാണ് പ്രശനങ്ങൾ അവർക്ക് മുന്നിൽ എത്തുന്നത്. ആ രീതി മാറണമെങ്കിൽ ജീവകാരുണ്യം മാത്രം ലക്ഷ്യമിട്ട് സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ ഒരു വേദി ഉണ്ടാകണമെന്നാണ് ആവശ്യം. പ്രത്യേകിച്ച് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അടക്കമുള്ള സാമൂഹ്യ പ്രവർത്തകർ ബഹ്റൈനിൽ ഉള്ളപ്പോൾ അത്തരം ഒരു വേദിക്ക് പ്രസക്തിയുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ബഹുഭൂരിപക്ഷം വരുന്ന മലയാളികൾക്കിടയിൽ പൊതു ധാരയുമായി ബന്ധപ്പെട്ടവർക്ക് മാത്രമാണ് ബഹ്‌റൈനിലെ പല സാമൂഹ്യ പ്രവർത്തകരെ നേരിട്ട് പരിചയമുള്ളത്. അവരുടെ അടുത്തേയ്ക്ക് മാത്രമാണ് സഹായ ആവശ്യങ്ങൾ എത്തുന്നത്. ഇതിന് പകരം സഹായം അഭ്യർത്ഥിക്കാനുള്ള ഒരു പൊതു ഇടം ഉണ്ടാക്കണം എന്നാണ് പല കോണിൽ നിന്നും അഭിപ്രായം ഉയരുന്നത്.
നാട്ടിലുള്ള എല്ലാവർക്കും വേണ്ടി നമ്മൾ പിരിച്ചുകൊണ്ടിരിക്കുന്നത് അവിടുത്തെ സർക്കാരുകളെ അത്തരം പ്രവർത്തികളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് സാമൂഹ്യ പ്രവർത്തകനായ പങ്കജ് നാഭൻ ഇക്കാര്യത്തിൽ പങ്കുവയ്ക്കുന്നത്. ആഗോളീവത്കരണത്തിന്റെ ഭാഗമായി സർക്കാറുകൾ ലാഭകരമല്ലാത്ത എല്ലാത്തിൽ നിന്നും പിൻവാങ്ങുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. സാമൂഹ്യ സേവന രംഗത്തായാലും വിദ്യാഭ്യാസ രംഗമായാലും പല കാര്യങ്ങളും അവർക്ക് ലാഭമുണ്ടാക്കുന്ന കാര്യത്തിൽ മാത്രം പരിമിതപ്പെടുത്തുകയാണ്. ഇത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. സാമൂഹ്യ സേവന രംഗത്ത് ഗൾഫിൽ നിന്നുള്ള സഹായം ലഭ്യമായിക്കൊണ്ടിരിക്കുന്പോൾ സ്വാഭാവികമായും അത് യഥാർത്ഥത്തിൽ ചെയ്യേണ്ടവർ അതിൽ നിന്ന് പിൻവാങ്ങുമെന്നും അതുകൊണ്ട് അർഹരായ പ്രവാസികൾക്ക് വേണ്ടി തന്നെയാണ് സഹായങ്ങൾ നൽകുന്നതിന് പരിഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സഹായം ചെയ്യുന്നത് ആർക്കായാലും തെറ്റല്ല, പക്ഷെ പരിഗണന ലഭിക്കേണ്ടുന്നവർ ബഹ്റൈനിൽ തന്നെ ഉണ്ടാകുന്പോൾ അതിനെ മറികടന്ന് നാട്ടിൽ സഹായം നൽകുന്നത് നാട്ടിലുള്ളവർക്ക് തെറ്റായ സന്ദേശം നൽകുന്നതിനും അതുവഴി അവിടെ ലഭ്യമാകാനിടയുള്ള സഹായങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കാതാവുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹായങ്ങൾ ആർക്ക് നൽകേണ്ടുന്നതിലും തെറ്റില്ലെന്നും എന്നാൽ പരിഗണന പ്രവാസികൾക്ക് തന്നെ നൽകണമെന്നുമാണ് തന്റെ അഭിപ്രായമെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് പറഞ്ഞു.പലപ്പോഴും പ്രവാസികൾ അവസാന ഘട്ടത്തിൽ മാത്രമാണ് എംബസിയിലോ ഐ.സി.ആർ.എഫിലോ സഹായത്തിനായി എത്തുന്നത്. പ്രവാസികൾക്ക് ആവശ്യമുള്ളപ്പോൾ ചികിത്സ അടക്കമുള്ള സഹായം യഥാസമയം ലഭ്യമാക്കാൻ കഴിയണമെന്നും അരുൾദാസ് അഭിപ്രായപ്പെട്ടു.
സ്‌കൂൾ ഫീസ് പോലും അടയ്ക്കാനില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം പോലും വഴി മുട്ടി നിൽക്കുന്നവരും കടം കയറി നാട്ടിലേയ്ക്ക് പോകാനാവാതെ രോഗാവസ്ഥയിലുള്ള പ്രവാസികൾ നമുക്ക് ചുറ്റുമുള്ളപ്പോൾ അവർക്ക് വേണ്ടുന്ന സഹായം എത്തിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും ആര്യയെ പോലുള്ളവരുടെ വേറിട്ട ചില പ്രശ്നങ്ങളിൽ ഇത്തരം ഇടപെടലുകൾ ഉണ്ടാവേണ്ടത് നല്ലതാണെന്നും സാമൂഹ്യ പ്രവർത്തകനും കേരളാ എമർജൻസി ടീം അംഗവുമായ സുധീർ തിരുനിലത്ത് പറഞ്ഞു. ലേബർ ക്യാന്പുകളിൽ കഴിയുന്നവർക്ക് പോലും അസുഖം പിടിപെട്ടാൽ യഥാസമയം ചികിത്സ ലഭിക്കാതെ അസുഖം മൂർച്ഛിക്കുന്ന അവസ്ഥയുണ്ടെന്നും അത്തരം ഘട്ടങ്ങളിൽ സന്നദ്ധ സേവകരെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കാനുള്ള സാന്പത്തിക സഹായങ്ങൾ സ്വരൂപിക്കാനുമാണ് നമ്മൾ മുൻ കൈയ്യെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബഹ്‌റൈനിൽ അവശത അനുഭവിക്കുന്ന നിരവധി പ്രവാസികൾ സഹായത്തിന് അർഹരാണെന്നിരിക്കെ നാട്ടിലുള്ള വിഷയങ്ങൾക്ക് വേണ്ടി ഫണ്ട് പിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സാമൂഹ്യപ്രവർത്തകൻ ബഷീർ അന്പലായി പറഞ്ഞു. മുറ്റത്ത് കിടക്കുന്ന വിഷയങ്ങൾക്ക് മുന്തിയ പരിഗണന നൽകണം. ആവശ്യമുള്ളപ്പോൾ ആര്യയെപ്പോലുള്ള കേസുകളിൽ സഹായം നൽകുന്നതിൽ തെറ്റ് കാണാനാവില്ലെങ്കിലും പ്രവാസലോകത്തെ അഭിമാനത്തെ ക്കരുത്തി മുണ്ടു മുറുക്കി നടക്കുന്ന കുടുംബങ്ങളെ കണ്ടറിഞ്ഞ് സഹായിക്കാനുള്ള ഒരു പൊതുവേദി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്യയെപ്പോലുള്ള കുട്ടികളുടെ പ്രത്യേകം പരിഗണന അർഹിക്കുന്ന കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ പ്രവാസ ലോകത്ത് നിന്നും കേരളത്തിലേയ്ക്ക് സഹായങ്ങൾ നൽകുന്പോൾ അവർക്ക് മറ്റ് സഹായങ്ങൾ ലഭിക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ടോ എന്നത് കൂടി ചിന്തിച്ചതിന് ശേഷം മാത്രമേ ഇത്തരമൊരു ദൗത്യത്തിന് മുന്നിട്ടിറങ്ങേണ്ടതുള്ളൂവെന്ന് സാമൂഹ്യപ്രവർത്തകൻ കെ.ടി സലിം പറഞ്ഞു. നിലവിൽ കേരളത്തിൽ നിരവധി പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനവും അശരണർക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അവയുടെ സഹായങ്ങൾ ഒന്നും ലഭ്യമാകുന്നില്ലെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ ഇത്തരം സഹായങ്ങൾ സ്വരൂപിക്കാൻ നമ്മൾ മുന്നിട്ടിറങ്ങേണ്ടതുള്ളൂവെന്നും നാട്ടിൽ കഷ്ടത അനുഭവിക്കുന്നതിനേക്കാൾ കഷ്ടത അനുഭവിക്കുന്ന നമ്മുടെ ഇടയിൽ പെട്ടവരെയാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



