കലോത്സവത്തനിമ റോഡ് ഷോയ്ക്ക് വർണാഭമായ വരവേൽപ്പ്


കുവൈറ്റ് സിറ്റി : ഇന്ന്  (ഡിസംബർ എട്ടിന്) ആരംഭിക്കുന്ന കലോത്സവത്തനിമയ്ക്ക് മുന്നോടിയായി നടന്ന റോഡ് ഷോയ്ക്ക് യുവജനോത്സവവേദിയായ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ വർണ്ണാഭമായ വരവേൽപ്പ്. ഇന്ത്യൻ നാടകവേദിയിലെ രംഗപടങ്ങളുടെ രാജശില്പി ആർട്ടിസ്റ്റ് സുജാതൻ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി. ചരിത്രത്തിലാദ്യമായി കുവൈറ്റിൽ അരങ്ങേറുന്ന ഇന്ത്യൻ യുവജനോത്സവത്തിന് ആതിഥ്യം വഹിക്കുന്ന ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും റോഡ് ഷോയ്ക്ക് സ്വാഗതമേകാൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അണിനിരന്നു.

തുടർന്ന് നടന്ന സമ്മേളനത്തിൽ കലോത്സവത്തനിമ 2017 ജനറൽ കൺവീനർ ജോണി കുന്നിൽ അദ്ധ്യക്ഷനായിരുന്നു.ഐ സി എസ് പ്രിൻസിപ്പൽ ശാന്താ മരിയ ജയിംസ്, ശ്യാമളാ ചപ്പാല,കലോത്സവത്തനിമ ജോയിൻറ് കൺവീനർ ബാബുജി ബത്തേരി എന്നിവർ പ്രസംഗിച്ചു. അനിൽ അടൂർ(ഏഷ്യാനെറ്റ് ന്യൂസ്) തനിമ ജനറൽ കൺവീനർ ജേക്കബ് വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഐ സി എസ അദ്ധ്യാപകർ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി. വിദ്യാർത്ഥികളും വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. വെള്ളിയാഴ്ച്ചയും ശനിയാഴ്ചയുമായി ഇന്ത്യൻ സെൻട്രൽ സ്‌കൂളിലെ ഐ വി ശശി നഗറിലാണ് കൗമാരകലയുടെ കലോത്സവം നടക്കുന്നത്.

കലോത്സവത്തനിമയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പി പി നാരായണൻ നിർവഹിക്കും. സമാപന സമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി(ലേബർ) യു എസ് സിബി ഉദ്ഘാടനം ചെയ്യും. പ്രസംഗം, ലളിതഗാനം, ഭരതനാട്യം, നാടോടി നൃത്തം, സംഘനൃത്തം, ദേശഭക്തിഗാനം, മൈം, ടാബ്ലോ, പെയർ ഓഫ് ഇന്ത്യ എന്നീ ഇനങ്ങളിലാണ് സീനിയർ(ക്ലാസ് 8 -12 ), ജൂനിയർ(ക്ലാസ് 4 -7) വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കുന്നത്. ഡോ. എ പി ജെ അബ്ദുൾ കലാം പേൾ ഓഫ് കുവൈറ്റ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്‍ച നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed