കുവൈത്തിൽ വീടു കേന്ദ്രീകരിച്ച് പ്രവർത്തിച്ച വ്യാജമദ്യ നിർമ്മാണ കേന്ദ്രം പിടികൂടി; മലയാളി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ
ശാരിക
കുവൈത്ത് സിറ്റി: വഫ്ര റെസിഡൻഷ്യൽ ഏരിയയിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം സുരക്ഷാ സേന കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിൽ 820 കുപ്പി മദ്യവും 110 ബാരലുകളിലായി സൂക്ഷിച്ചിരുന്ന മദ്യവും പിടിച്ചെടുത്തു.
വഫ്ര റെസിഡൻഷ്യൽ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പാർക്കിംഗ് സ്ഥലത്തുവെച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറെ വഫ്ര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് സംഘം തടഞ്ഞു നിർത്തി പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പ്രദേശത്തെ ഒരു വീട്ടിൽ നിന്നാണ് ഈ മദ്യം ശേഖരിച്ചതെന്ന് ഡ്രൈവർ വെളിപ്പെടുത്തി. ഇതേത്തുടർന്ന് സുരക്ഷാ സേന സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.
പിടിച്ചെടുത്ത മദ്യത്തിന് പുറമെ, വ്യാജമദ്യം വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
dsfds

