ഇന്ത്യ വാഹന റീട്ടെയ്ൽ വിൽപ്പന ചരിത്രത്തിലാദ്യമായി മൂന്ന് കോടി കടക്കാനൊരുങ്ങുന്നു: എഫ്.എ.ഡി.എ
ശാരിക
ന്യൂഡൽഹി: രാജ്യത്തെ വാഹന റീട്ടെയ്ൽ വിൽപ്പന ചരിത്രത്തിലാദ്യമായി മൂന്ന് കോടിയെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുന്നു. 2026 കലണ്ടർ വർഷത്തിൽ മൊത്തം വിൽപ്പന 3.2 കോടി (32 മില്യൺ) യൂനിറ്റിലെത്താൻ സാധ്യതയുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്.എ.ഡി.എ) അറിയിച്ചു. 2025-ൽ രേഖപ്പെടുത്തിയ 2.82 കോടി യൂനിറ്റുകളിൽ നിന്ന് രണ്ടക്ക വളർച്ചയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ശക്തമായ സാമ്പത്തിക വളർച്ചയും ജി.എസ്.ടി 2.0 നികുതി പരിഷ്കാരങ്ങളും ഉപഭോക്താക്കളുടെ ക്രയശേഷി വർധിപ്പിച്ചതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.
പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയും ചരിത്രത്തിലാദ്യമായി 50 ലക്ഷം പിന്നിട്ട് 53 ലക്ഷത്തോളം യൂനിറ്റുകളിൽ എത്തുമെന്നാണ് പ്രവചനം. ഒക്ടോബർ അവസാനത്തോടെ വിൽപ്പനകളുടെ ആകെത്തുക 2.66 കോടി യൂനിറ്റുകളിലെത്തിയതായി എഫ്.എ.ഡി.എ പ്രസിഡന്റ് സായ് ഗിരിധർ വ്യക്തമാക്കി. വിപണിയിൽ റെക്കോർഡ് വിൽപ്പന നടത്തിയതിൽ ഇലക്ട്രിക് വാഹനങ്ങളും ഒട്ടും പിന്നിലല്ല. ഒക്ടോബർ മാസത്തെ ഇ.വി വിൽപ്പന 3.55 ലക്ഷം യൂനിറ്റുകളിലെത്തി; വാർഷിക വളർച്ച 45 ശതമാനമാണ്.
അതേസമയം, 2026 ഒക്ടോബറിലെ റീട്ടെയ്ൽ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 23.8 ശതമാനം ഇടിഞ്ഞ് 3.2 മില്യൺ (32 ലക്ഷം) യൂനിറ്റുകളായി. കഴിഞ്ഞ വർഷം നവരാത്രി, ദീപാവലി ആഘോഷങ്ങൾ ഒക്ടോബറിൽ തന്നെ ഒരുമിച്ചെത്തിയതിനാലുണ്ടായ ഉയർന്ന ബേസ് ഇഫക്ടാണ് (High base effect) ഈ വാർഷിക ഇടിവിന് കാരണം. കൂടാതെ, സെപ്റ്റംബർ 22-ന് പ്രാബല്യത്തിൽ വന്ന ജി.എസ്.ടി 2.0 നിരക്ക് കുറവുകൾക്ക് തൊട്ടുപിന്നാലെ ഉയർന്ന വലിയ ഡിമാൻഡും ഒക്ടോബറിലെ വാർഷിക താരതമ്യത്തെ ബാധിച്ചു. എന്നാൽ, സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബറിൽ 25 ശതമാനം മാസാന്ത വളർച്ച രേഖപ്പെടുത്തി. ഒക്ടോബറിലെ വിൽപ്പനയിൽ സർവകാല ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച കണക്കാണിത്.
വിവിധ വാഹന വിഭാഗങ്ങളുടെ പ്രകടനത്തിൽ, പാസഞ്ചർ വാഹനങ്ങൾ 5,07,000 യൂനിറ്റുകൾ വിറ്റഴിച്ചു; ഇത് സെപ്റ്റംബറിനെ അപേക്ഷിച്ച് 14 ശതമാനം ഇടിവാണെങ്കിലും വാർഷികാടിസ്ഥാനത്തിൽ 19 ശതമാനം വളർച്ചയാണ്. ഇരുചക്ര വാഹന വിപണിയിൽ 23.2 ലക്ഷം യൂനിറ്റുകളുടെ വിൽപ്പന നടന്നു. ഇതിൽ വാർഷികാടിസ്ഥാനത്തിൽ 28 ശതമാനം ഇടിവുണ്ടായെങ്കിലും മാസാന്താടിസ്ഥാനത്തിൽ 29 ശതമാനം വളർച്ച രേഖപ്പെടുത്തി.
വാണിജ്യ വാഹനങ്ങൾ 1,15,000 യൂനിറ്റുകളും മുചക്ര വാഹനങ്ങൾ 1,40,000 യൂനിറ്റുകളും വിറ്റഴിച്ച് ഒക്ടോബർ മാസത്തെ എക്കാലത്തെയും മികച്ച വിൽപ്പന രേഖപ്പെടുത്തി. ട്രാക്ടർ വിപണി 79,285 യൂനിറ്റുകളോടെ നേട്ടം കൊയ്തപ്പോൾ കൺസ്ട്രക്ഷൻ ഇക്വിപ്മെന്റ് മേഖല 7,434 യൂനിറ്റുകളുടെ വിൽപ്പനയോടെ 22.07 ശതമാനത്തിന്റെ മികച്ച വളർച്ച നേടി.
"ഗ്രാമീണ ഇരുചക്ര വാഹന വിപണിയിലും (34% ഇടിവ്), ഉത്തരേന്ത്യൻ വിപണികളിലുമാണ് ഒക്ടോബറിൽ പ്രധാനമായും ഇടിവുണ്ടായത്. എന്നാൽ ഇത് ഡിമാൻഡ് ഇല്ലാതായതല്ല, ആഘോഷ കലണ്ടറിലെ മാറ്റം കാരണം നവംബറിലേക്ക് മാറ്റിവെക്കപ്പെട്ടതാണ്. ധൻതേരസ്-ദീപാവലി വിപണി നവംബറിലേക്ക് നീണ്ടതോടെ ഈ ഡിമാൻഡ് വലിയ തോതിൽ തിരിച്ചെത്തും," എന്ന് എഫ്.എ.ഡി.എ പ്രസിഡന്റ് സായ് ഗിരിധർ പറഞ്ഞു.
േ്ി്േി

