യുഎഇക്കെതിരെ ഇന്ത്യക്ക് 309 റൺസ്; സെഞ്ച്വറിയുമായി ആര്യവീർ സെവാഗ്
ശാരിക
മസ്കത്ത്: ഒമാനിലെ ആമിറാത്തിൽ നടക്കുന്ന എസിസി U19 ഏഷ്യാകപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് 309 റൺസ്. വീരേന്ദ്രർ സെവാഗിന്റെ മകനും ഓപ്പണറുമായ ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ച്വറി മികവിലാണ് ഇന്ത്യൻ ടീം കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. നിർണിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. 168 പന്തുകൾ നേരിട്ട ആര്യവീർ 160 റൺസാണ് അടിച്ചുകൂട്ടിയത്.
മത്സരത്തിൽ ടോസ് ലഭിച്ച യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി വിനീത് വി.കെ 67 റൺസ് നേടി മികച്ച പിന്തുണ നൽകി. എന്നാൽ രാഹുൽ ദ്രാവിഡിന്റെ മകനും വിക്കറ്റ് കീപ്പറുമായ അൻവയ് ദ്രാവിഡിന് ഇക്കുറിയും തിളങ്ങാനായില്ല. ഒമ്പത് പന്തിൽ 12 റൺസെടുത്ത് അൻവയ് പുറത്തായി.
യുഎഇക്കായി നസീം ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ഹിദായത്തുല്ല ഖാൻ, നൂർ അയൂബി, അയാൻ മിസ്ബാഹ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലെ മിനിസ്ട്രി ടർഫ് 2-ലാണ് ഈ മത്സരം നടക്കുന്നത്.
നവംബർ 14 വരെ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമിയിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്. എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 50 ഓവർ ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങൾ കാണുന്നതിന് കാണികൾക്ക് പ്രവേശനം സൗജന്യമാണ്. രണ്ട് ഗ്രൂപ്പുകളിലുമായി നടക്കുന്ന പോരാട്ടങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നവംബർ 12-ന് നടക്കുന്ന സെമിഫൈനലിലേക്ക് യോഗ്യത നേടും. നവംബർ 14-ന് ഒസിഎ ഗ്രൗണ്ട് 2-ലാണ് കലാശപ്പോരാട്ടം.
ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, യുഎഇ എന്നീ ടീമുകളും, ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ എന്നീ ടീമുകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
േെേെ്േി

