കൊടുംതണുപ്പിൽ പാർപ്പിടമില്ലാതെ വിറങ്ങലിച്ച് ഗസ്സയിലെ അഞ്ച് ലക്ഷത്തിലധികം കുരുന്നുകൾ
ഷീബ വിജയൻ
ഗസ്സ: ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും കർശന നിയന്ത്രണങ്ങളും കാരണം ഗസ്സയിൽ അഞ്ച് ലക്ഷത്തിലധികം കുട്ടികൾ സുരക്ഷിതമായ പാർപ്പിടമില്ലാതെ കൊടുംദുരിതത്തിലാണെന്ന് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ 'സേവ് ദി ചിൽഡ്രൻ' മുന്നറിയിപ്പ് നൽകി. മേഖലയിൽ അടുത്തിടെ വീശിയടിച്ച ശക്തമായ ശീതകാല കൊടുങ്കാറ്റിലും കനത്ത മഴയിലും പതിനായിരക്കണക്കിന് ടെന്റുകൾ വെള്ളത്തിനടിയിലായതോടെയാണ് സാഹചര്യം കൂടുതൽ വഷളായത്. ഗസ്സയിലെ ജനസംഖ്യയുടെ 58 ശതമാനത്തോളം വരുന്ന 12 ലക്ഷം പേർ അതീവ ദയനീയ സാഹചര്യത്തിലാണ് കഴിയുന്നത്. ഇതിൽ 5.6 ലക്ഷത്തിലധികം പേർ കുട്ടികളാണ്. തകർന്ന ടെന്റുകളിലും താൽക്കാലിക അഭയകേന്ദ്രങ്ങളിലുമായി ഗസ്സയിലെ കുട്ടികൾ നേരിടുന്നത് തുടർച്ചയായ നാലാമത്തെ ശീതകാലമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയുണ്ടായ കൊടുങ്കാറ്റിൽ 70,000-ത്തിലധികം ടെന്റുകൾ വെള്ളത്തിൽ മുങ്ങി. ദാറുൽ ബലാഹിൽ ടെന്റുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും മരിക്കുകയും ചെയ്തു. വെടിനിർത്തൽ കരാർ പ്രകാരം വാഗ്ദാനം ചെയ്ത കാരവാനുകൾ ഗസ്സയിലേക്ക് കടത്തിവിടുന്നതും ടെന്റുകൾ, ടാർപോളിനുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, പുതപ്പുകൾ, ഇന്ധനം, പാചകവാതകം, വീടുകൾ അറ്റകുറ്റപ്പണി നടത്താനുള്ള സാമഗ്രികൾ എന്നിവയുടെ ഇറക്കുമതിയും ഇസ്രായേൽ അധികൃതർ തടയുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കടുത്ത തണുപ്പിനെ അതിജീവിക്കാനും ഭക്ഷണം പാകം ചെയ്യാനും പകുതിയോളം കുടുംബങ്ങൾ പ്ലാസ്റ്റിക്, പഴയ ടയറുകൾ, മാലിന്യങ്ങൾ, കാർഡ്ബോർഡ് എന്നിവയാണ് കത്തിക്കുന്നത്. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും കാർബൺ മോണോക്സൈഡ് വിഷബാധയ്ക്കും ഇടയാക്കുന്നു. 84 ശതമാനം ആളുകൾക്കും ചൂട് ലഭിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നും റിപ്പോർട്ടിലുണ്ട്.
dfsdfdfdfs

