വാഴക്കുലയ്ക്കുള്ളിൽ മയക്കുമരുന്ന്; 'മികച്ച കർഷകൻ' കള്ളക്കടത്തുകാരനായപ്പോൾ അവാർഡ് തിരിച്ചെടുക്കാൻ സർക്കാർ
ഷീബ വിജയൻ
തൃശൂർ: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ ധനേഷ് എസ്. നായർക്ക് നൽകിയ മികച്ച കർഷകനുള്ള അവാർഡ് പിൻവലിക്കാൻ സർക്കാർ നടപടി ആരംഭിച്ചതായി കൃഷി മന്ത്രി അറിയിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ധനേഷ് ആലുവയിലെ ഒരു ലോഡ്ജിൽ നിന്ന് 800 ഗ്രാമിലധികം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയുമായാണ് പൊലീസിന്റെ പിടിയിലായത്. അവാർഡ് ജേതാവായ കർഷകന് മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൃഷി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ അവാർഡ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒ
രു കർഷകനും ചിന്തിക്കാൻ പോലും കഴിയാത്ത ഹീനമായ പ്രവൃത്തിയാണ് പ്രതിയുടേത്. കർഷകരുടെ മനസ്സ് മണ്ണിന്റെ ജൈവഗന്ധത്തിലും കഠിനാധ്വാനത്തിലൂടെ അവർ ചൊരിയുന്ന വിയർപ്പിലുമാണ് വേരൂന്നിയതെന്നും, പ്രതിയുടെ പ്രവൃത്തി മുഴുവൻ കർഷക സമൂഹത്തിനും അപമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
dfddfsfddfd

