കുവൈത്ത് വിമാനത്താവളത്തിൽ ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനും തത്സമയ സംപ്രേക്ഷണത്തിനും വിലക്ക്
ശാരിക
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും തത്സമയ സംപ്രേക്ഷണം (ലൈവ്) നടത്തുന്നതിനും ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും വിലക്കേർപ്പെടുത്തി. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നതിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ സർക്കുലർ സിവില്‍ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ജനറല്‍ എൻജിനീയർ സഅദ് അല്‍ ഒതൈബി പുറപ്പെടുവിച്ചു.
വിമാനത്താവള ജീവനക്കാരും സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളിൽ മൊബൈൽ ഫോണുകളോ ക്യാമറകളോ മറ്റ് സാങ്കേതിക ഉപകരണങ്ങളോ ഉപയോഗിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്താനോ ലൈവ് ചെയ്യാനോ പാടില്ല. വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം, പാസഞ്ചർ ടെർമിനലുകൾ, ഭരണപരവും സാങ്കേതികവുമായ കെട്ടിടങ്ങൾ തുടങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ കീഴിലുള്ള എല്ലാ സ്ഥലങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.
കൂടാതെ, ആഭ്യന്തര രേഖകളും കത്തിടപാടുകളും പകർത്തി പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. സുരക്ഷാ നടപടിക്രമങ്ങൾ, പരിശോധനാ കേന്ദ്രങ്ങൾ, നിരീക്ഷണ ക്യാമറകൾ, വിമാനങ്ങളുടെ സർവീസ്, വിമാനത്താവള പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നതും പൂർണ്ണമായി നിരോധിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കും.

