ഇസ്രായേൽ പാർലമെന്റിൽ ചരിത്രമെഴുതി അറബ് കരുത്ത്; പ്രതിഷേധങ്ങൾക്കിടെ 19 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു
ഷീബ വിജയൻ
ജറൂസലം: തീവ്ര വലതുപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾക്കിടെ ഇസ്രായേലിന്റെ പുതിയ പാർലമെന്റായ നെസറ്റിൽ റെക്കോർഡ് എണ്ണം അറബ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച 19 അറബ് അംഗങ്ങളാണ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിനിടെ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി അനുയായികളും തീവ്ര ദേശീയവാദികളും പാർലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സഭയ്ക്കുള്ളിൽ സത്യപ്രതിജ്ഞയ്ക്കിടെ അറബ് അംഗങ്ങൾക്കെതിരെ കൂക്കിവിളികളുണ്ടായി. ദേശീയ ഗാനാലാപന സമയത്ത് ജോയിന്റ് ലിസ്റ്റ്, റാഅം പാർട്ടികളിലെ ചില അംഗങ്ങൾ ഇരിപ്പിടങ്ങളിൽനിന്ന് എഴുന്നേറ്റുപോയതായും റിപ്പോർട്ടുകളുണ്ട്. ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജബരീനെ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ വിമർശിച്ചത് സഭയിൽ ബഹളത്തിന് കാരണമായി.
ഇതിനിടെ, നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളും സജീവമായിട്ടുണ്ട്. പുതിയ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണം ലഭിച്ച പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട് ദേശീയ അടിയന്തര ഐക്യസർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. അറബ് അംഗങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കില്ലെന്ന മുൻ തെരഞ്ഞെടുപ്പ് വാഗ്ദാനം തിരുത്തേണ്ടിവരുന്നതാണ് ഐസൻകോടിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സർക്കാർ രൂപീകരിക്കാൻ നാലാഴ്ചയിൽ താഴെ സമയമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ആവശ്യമെങ്കിൽ രണ്ടാഴ്ച കൂടി നീട്ടിനൽകും.
fsdsfdfs

