അരിക്ഷാമം രൂക്ഷമാകുന്നു; വിശപ്പകറ്റേണ്ട അരി എഥനോൾ ടാങ്കുകളിലേക്കോ? ആശങ്കയോടെ രാജ്യം
ഷീബ വിജയൻ
ന്യൂഡൽഹി: രാജ്യത്ത് അരിക്ഷാമം രൂക്ഷമാകുന്നതിനിടെ കൂടുതൽ അരി എഥനോൾ ഉത്പാദനത്തിനായി മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അരിമില്ലുകളിൽനിന്ന് എഥനോൾ നിർമാണത്തിനായി നുറുക്കരി സംഭരിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതോടെ റേഷൻ അരിയിലടക്കം നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയും. അരിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. എല്ലാ ആഴ്ചയും അരിയുടെ സ്റ്റോക്ക് വിവരങ്ങൾ വെളിപ്പെടുത്താൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ പൊന്നി അരിക്ക് മൂന്ന് മാസത്തിനിടെ കിലോയ്ക്ക് 20 രൂപയാണ് വർധിച്ചത്. ഈ വർഷം അരി ഉത്പാദനം കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് കൂടുതൽ അരി എഥനോളിനായി ഉപയോഗിക്കുന്നത്. രാജ്യത്തെ അരിക്ഷാമം എഥനോൾ നിർമാണത്തെ ബാധിച്ചതോടെയാണ് നുറുക്കരി സംഭരിക്കാൻ തീരുമാനിച്ചത്. ഇത് പൊതുവിതരണ ശൃംഖല വഴിയുള്ള അരിവിതരണത്തെ സാരമായി ബാധിച്ചേക്കാം. സംസ്ഥാനത്തും ഈ തീരുമാനം നടപ്പാക്കാൻ സപ്ലൈകോ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 42 അരിമില്ലുകളുമായി സപ്ലൈകോ ധാരണയിലെത്തിയതായി റൈസ് മിൽസ് അസോസിയേഷൻ വ്യക്തമാക്കി.
adsdsdasas

