വിരാട് കോഹ്‌ലിക്ക് ബാറ്റിംഗിൽ വീണ്ടും ചരിത്ര നേട്ടം: ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി ഇന്ത്യൻ സൂപ്പർ താരം
ശാരിക
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി മറ്റൊരു അവിസ്മരണീയ നേട്ടം കൂടി തന്റെ പേരിൽ സ്വന്തമാക്കി. ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് 13,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററായി അദ്ദേഹം മാറിയിരിക്കുകയാണ്. ബുധനാഴ്ച ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കില്‍ ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിനിടെയാണ് ഇന്ത്യൻ ബാറ്റിംഗ് സൂപ്പർസ്റ്റാർ ഈ ചരിത്ര റെക്കോർഡ് കൈപ്പിടിയിലാക്കിയത്.
ഈ അപൂർവ നേട്ടം സ്വന്തമാക്കാൻ കോഹ്‌ലിക്ക് മത്സരത്തിൽ വെറും 12 റണ്‍സ് മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏകദിനത്തില്‍ 15,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് മൂന്നാം നമ്പറിലെ ഈ അവിശ്വസനീയ റെക്കോർഡും കോഹ്‌ലിയെ തേടിയെത്തുന്നത്. എക്കാലത്തെയും മികച്ച ഏകദിന ബാറ്റർമാരുടെ ഇടയിലുള്ള തന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ നേട്ടം. വരും വർഷങ്ങളിൽ മറ്റാർക്കും എളുപ്പത്തിൽ തകർക്കാൻ കഴിയാത്തത്ര വലിയൊരു ദൂരത്തിലാണ് കോഹ്‌ലി ഇപ്പോൾ ഈ റെക്കോർഡ് എത്തിച്ചിരിക്കുന്നത്.
മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗാണ് മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഈ പൊസിഷനില്‍ ബാറ്റ് ചെയ്ത് പോണ്ടിംഗ് 12,662 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. കോഹ്‌ലിയും പോണ്ടിംഗും ഒഴികെ ലോക ക്രിക്കറ്റിൽ മറ്റൊരു ബാറ്റർക്കും ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ 10,000 റണ്‍സ് തികയ്ക്കാൻ സാധിച്ചിട്ടില്ലെന്നത് ഈ നേട്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 9,747 റൺസോടെ കുമാർ സംഗക്കാര (ശ്രീലങ്ക), 7,774 റൺസോടെ ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക), 6,504 റൺസോടെ കെയ്ൻ വില്ല്യംസണ്‍ (ന്യൂസിലൻഡ്) എന്നിവരാണ് ഈ പട്ടികയിൽ കോഹ്‌ലിക്ക് പിന്നിലുള്ള മറ്റ് പ്രമുഖ താരങ്ങൾ.
തന്റെ ഏകദിന കരിയറിന്റെ ഭൂരിഭാഗവും കോഹ്‌ലി ചെലവഴിച്ചത് ടീമിന്റെ ആങ്കർ റോളായ മൂന്നാം നമ്പറിലാണ്. കളിച്ച 306 ഏകദിന ഇന്നിംഗ്സുകളില്‍ 251 എണ്ണത്തിലും മൂന്നാം നമ്പറിലിറങ്ങിയ കോഹ്‌ലി, 55 ഇന്നിംഗ്സുകളില്‍ മാത്രമാണ് മറ്റ് പൊസിഷനുകളില്‍ കളിച്ചത്. ഈ സ്ഥാനത്ത് 61-ൽ കൂടുതലാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി. പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ റെക്കോർഡും 55 സെഞ്ചുറികളോടെ കോഹ്‌ലിയുടെ പേരിൽ തന്നെയാണ്. ഏകദിനത്തിൽ ആകെ 15,000-ത്തിലധികം റണ്‍സ് നേടിയിട്ടുള്ള താരം, സച്ചിൻ ടെണ്ടുല്‍ക്കറുടെ എക്കാലത്തെയും മികച്ച റെക്കോർഡായ 18,426 റണ്‍സ് മറികടക്കാനുള്ള കുതിപ്പ് തുടരുകയാണ്.
sdsada

