വാട്സാപ്പിൽ പുതിയ ഫീച്ചർ; ഫോൺ നമ്പറും തീയതിയും ഇനി ഒറ്റ ടാപ്പിൽ കൈകാര്യം ചെയ്യാം
ഷീബ വിജയൻ
ചാറ്റുകളില്‍ ലഭിക്കുന്ന സന്ദേശങ്ങളിലെ വിവരങ്ങള്‍ കൂടുതൽ വേഗത്തിലും എളുപ്പത്തിലും കൈകാര്യം ചെയ്യുന്നതിനായി വാട്‌സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി തയ്യാറാക്കിയ ഈ ഫീച്ചറിന് 'സ്മാര്‍ട്ട് ടെക്സ്റ്റ് ആക്ഷന്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇനിമുതൽ ചാറ്റുകളിലെത്തുന്ന സന്ദേശങ്ങളിലെ ഫോൺ നമ്പറുകൾ, തീയതികൾ, സമയം, ഇമെയിൽ വിലാസങ്ങൾ, ലൊക്കേഷൻ എന്നിവ വാട്സ്ആപ് സ്വയം തിരിച്ചറിയും. ഇത്തരം വിവരങ്ങളുള്ള ഭാഗങ്ങളിൽ ടാപ്പ് ചെയ്യുമ്പോൾ ഉപയോക്താവിന് ചെയ്യേണ്ട കാര്യങ്ങൾക്കായുള്ള ഷോർട്ട്കട്ടുകൾ ലഭ്യമാകും. ചാറ്റിലെ ഫോൺ നമ്പറുകളിൽ ടാപ്പ് ചെയ്താൽ അത് കോപ്പി ചെയ്യാനും, കോൺടാക്റ്റായി സേവ് ചെയ്യാനും, നേരിട്ട് കോൾ ചെയ്യാനുമുള്ള ഓപ്ഷനുകൾ ലഭിക്കും. ബിസിനസ്സ് നമ്പറാണെങ്കിൽ അതിന്റെ വിവരങ്ങളും കാണാം. ചാറ്റിൽ പരാമർശിക്കുന്ന തീയതികളോ മീറ്റിങ് സമയങ്ങളോ നേരിട്ട് ഫോണിലെ കലണ്ടറിലേക്ക് മാറ്റാനും പുതിയ ഇവന്റുകൾ സജ്ജീകരിക്കാനും സാധിക്കും. വിലാസങ്ങളിൽ ടാപ്പ് ചെയ്താൽ നേരിട്ട് മാപ്പ് ആപ്പ് വഴി വഴി കണ്ടെത്താം.
ഇമെയിൽ വിലാസങ്ങളിൽ ടാപ്പ് ചെയ്ത് സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യവുമുണ്ട്. ഇൻകമിങ്, ഔട്ട്‌ഗോയിങ് സന്ദേശങ്ങളിൽ ഈ ഫീച്ചർ ഒരുപോലെ പ്രവർത്തിക്കും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ ഫീച്ചർ ലഭിച്ചിട്ടുള്ളത്.
dfsdsdsdsf

