പാക് ഡ്രോൺ വഴിയുള്ള ആയുധക്കടത്ത് പൊളിച്ച് ബിഎസ്എഫ്; പഞ്ചാബിൽ തോക്കുകളും ഹെറോയിനും പിടികൂടി
ഷീബ വിജയൻ
ചണ്ഡീഗഢ്: പാകിസ്താൻ ഡ്രോൺ വഴി ഇന്ത്യയിലേക്ക് കടത്തിയതെന്ന് സംശയിക്കുന്ന ആയുധങ്ങളും ഹെറോയിനും പഞ്ചാബിൽ പിടികൂടി. ഗുർദാസ്പുർ ജില്ലയിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം നടത്തിയ പരിശോധനയിൽ മൂന്ന് പിസ്റ്റളുകൾ, 50 വെടിയുണ്ടകൾ, ആറ് മാഗസിനുകൾ, 970 ഗ്രാം ഹെറോയിൻ എന്നിവയാണ് അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) സംയുക്തമായി കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് ഡേരാ ബാബ നാനക് മേഖലയിലെ തൽവണ്ടി ഗോരായ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ശേഖരം കണ്ടെത്തിയത്. പാക് ഡ്രോൺ വഴിയാണ് ഇവ എത്തിച്ചതെന്നാണ് പൊലീസിന്റെ സംശയം. ലഖാ സിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നാണ് ഇവ കണ്ടെടുത്തത്. ആയുധങ്ങളും ലഹരിമരുന്നും കൈപ്പറ്റേണ്ടിയിരുന്നവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കേസെടുത്തതായും ഒളിവിലുള്ളവരെയും കടത്തിന് പിന്നിലുള്ളവരെയും കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, ഒക്ടോബർ 27ന് അമൃത്സറിൽ നടത്തിയ മറ്റൊരു പരിശോധനയിൽ വിദേശനിർമിത പത്ത് പിസ്റ്റളുകൾ പിടികൂടുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശത്തുള്ള ഇടനിലക്കാരുമായി പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ADSasasas

