കു­വൈ­ത്തി­നു­ള്ള വി­ലക്ക് ഫി­ഫ പി­ൻ­വലി­ച്ചു­


കുവൈത്ത് സിറ്റി : കുവൈത്ത് ഫുട്‌ബോളിന് അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടനയായ ഫിഫ ഏർ‍പ്പെടുത്തിയ വിലക്ക് നീക്കി. കുവൈത്ത് സന്ദർശനത്തിനെത്തിയ ഫിഫ പ്രസിഡണ്ട് ജിയാന്നി ഇൻഫാന്‍റിനോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കുവൈത്ത് പുതുതായി അംഗീകരിച്ച കായിക നിയമത്തിന്റെ ബലത്തിലാണു നിരോധനം പിൻ‌വലിക്കുന്നതെന്നു ഫിഫ അറിയിച്ചു.  കഴിഞ്ഞയാഴ്ചയാണ് കുവൈത്ത് പാർലിമെന്റ് പുതിയ കായിക നിയമം അംഗീകരിച്ചത്.

ഫിഫയുടെ വ്യവസ്ഥകൾക്കകത്തു നിൽക്കുന്നതാണു പുതിയ നിയമം എന്നു ബോധ്യമായെന്നു ഫിഫ അധികൃതർ വ്യക്തമാക്കി. രാജ്യത്തെ കായിക സംവിധാനങ്ങളിൽ ഇടപെടാൻ സർക്കാരിന് അവസരം നൽകുന്നതാണു കുവൈത്തിലെ കായിക നിയമം എന്ന ആരോപണവുമായി 2015 ഒക്ടോബറിലാണ് ഫിഫ, രാജ്യാന്തര ഒളിം‌‌‌‌‌‌‌‌പിക്സ് കമ്മിറ്റി (ഐ.‌ഒ.സി) തുടങ്ങിയ രാജ്യാന്തര കായിക സംഘടനകൾ കുവൈത്തിനു വിലക്ക് ഏർപ്പെടുത്തിയത്.  നിരോധനംമൂലം കുവൈത്ത് കായികതാരങ്ങൾക്കു കഴിഞ്ഞ ഒളിംപിക്സിൽ പങ്കെടുക്കാനായില്ല. 

ഫുട്ബോളിൽ ഒട്ടേറെ രാജ്യാന്തര മത്സരങ്ങളും കുവൈത്തിന് ഉപേക്ഷിക്കേണ്ടിവന്നു. നിരോധനം പിൻ‌വലിക്കുന്ന കത്തുമായി ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ ഇന്നലെ കുവൈത്തിൽ എത്തി. വിമാനത്താവളത്തിൽ പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, യുവജനകാര്യമന്ത്രി ഖാലിദ് അൽ റൗദാൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.  രാജ്യത്ത് ഇടക്കാല സർക്കാരാണ് അധികാരത്തിലുള്ളതെങ്കിലും സാഹചര്യത്തിന്റെ പ്രാധാന്യം പരിഗണിച്ചു പാർലിമെന്റ് പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് കഴിഞ്ഞ ഞായറാഴ്ചയാണു പുതിയ കായിക നിയമം പാസാക്കിയത്.

അതേസമയം വിലക്ക് പിൻ‌വലിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിക്കാൻ കുവൈത്തിൽ എത്തിയ ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോയ്ക്കും സംഘത്തിനും അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ബയാൻ കൊട്ടാരത്തിൽ സ്വീകരണം നൽകി. കുവൈത്തിലെ കായിക താരങ്ങൾക്ക് പ്രചോദനമാകുംവിധം തീരുമാനമെടുത്തതിന് ഇൻഫാന്റിനോയെ അമീർ പ്രശംസിച്ചു. 

കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, അമീരി ദിവാൻ സഹമന്ത്രി ഷെയ്ഖ് ജാറ അൽ സബാഹ്, യുവജനകാര്യമന്ത്രി ഖാലിദ് അൽ റൗദാൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഫുട്ബോൾ പ്രേമികളായ കുവൈത്തിന് രാജ്യാന്തരവേദികളിൽ തിളങ്ങാൻ ഫിഫയുടെ തീരുമാനം പ്രചോദനമാകുമെന്ന് ഫിഫ പ്രസിഡണ്ട് പ്രതികരിച്ചു. വിലക്ക് നിരോധനം പിൻ‌വലിച്ചുകൊണ്ടുള്ള തീരുമാനം അമീറിനുള്ള സമ്മാനമായാണ് ഫിഫ സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed