അൽ ദുർറ കന്പനി ആദ്യം റിക്രൂട്ട് ചെയ്യുക ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ
കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളി റിക്രൂട്ട് ചെയ്യുന്നതിന് സർക്കാർ നിയന്ത്രണത്തിൽ ആരംഭിച്ച അൽ ദുർറ കന്പനി ആദ്യം കൊണ്ടുവരിക ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ. ഇന്ത്യക്കാരായ പുരുഷ ഗാർഹിക തൊഴിലാളികളെയാണ് കന്പനി ആദ്യം റിക്രൂട്ട് ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.
റിക്രൂട്ടമെന്റിനായുള്ള അപേക്ഷ ഈ മാസാവസാനം സ്വീകരിച്ചു തുടങ്ങും. അപേക്ഷ ലഭിച്ച് 30 മുതൽ 45 ദിവസത്തിനകം തൊഴിലാളികളെഎത്തിക്കും. രണ്ടുമാസത്തിനുശേഷമാകും വനിതാ തൊഴിലാളി റിക്രൂട്ട്മെന്റ്. ഡ്രൈവർമാർ, പാചകക്കാർ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ എത്തിക്കുക.
രണ്ടാംഘട്ടത്തിൽ ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്ന് കൂടി തൊഴിലാളികളെ എത്തിക്കും. ഇന്ത്യയിൽ നിന്ന് തൊഴിലാളിയെ കൊണ്ടുവരാൻ സ്വദേശിക്ക് ചിലവ് 280 ദിനാർ ആയിരിക്കും. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത നിരക്കായിരിക്കുമെന്ന് കന്പനി ഡയറക്ടർ ജനറൽ സാലെ അൽ വുഹൈബ് അറിയിച്ചു. നിലവിൽ സ്വകാര്യ ഏജൻസികൾ 1000 മുതൽ 1500 ദിനാർ വരെയാണ് ഈടാക്കുന്നത്.

