ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ ഗുരുതര ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ
ഷീബ വിജയൻ
തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കിയ 'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ വൻ സാമ്പത്തിക ക്രമക്കേടും ഗുരുതരമായ വീഴ്ചകളും കണ്ടെത്തി ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മിഷന്റെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഏകദേശം 4.89 കോടി രൂപ ചെലവഴിച്ച ഈ പദ്ധതിക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ, പദ്ധതി നടത്തിപ്പിനായി സാമൂഹ്യ സുരക്ഷാ മിഷനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നതുമില്ല. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ മിഷന് മാനദണ്ഡങ്ങളിൽ എന്തെങ്കിലും ഇളവ് ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും. യാതൊരുവിധ സർക്കാർ അനുമതിയുമില്ലാതെയാണ് സാനിറ്റൈസർ ഉത്പാദനം നടത്തിയതെന്നും ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ ജയിൽ വകുപ്പിന് ഇതിനായി ഉത്പാദന അനുമതി നൽകിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ചട്ടപ്രകാരമുള്ള ടെൻഡർ നടപടികൾ പാലിക്കാതെയും കൃത്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാതെയുമാണ് ഭൂരിഭാഗം ഇടപാടുകളും നടന്നിട്ടുള്ളത്. ചട്ടവിരുദ്ധമായി 30 ലക്ഷം രൂപ ചെലവഴിച്ച് കിയോസ്‌കുകൾ വാങ്ങിയതിലും സാനിറ്റൈസർ നിർമാണത്തിലും വിതരണത്തിലും വലിയ രീതിയിലുള്ള ചട്ടലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയൊന്നും സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ചെലവഴിച്ച യഥാർത്ഥ തുകയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പണമിടപാടുകൾക്കായി ഉപയോഗിച്ചതിൽ ഭൂരിഭാഗവും ജിഎസ്ടി രേഖപ്പെടുത്താത്തതും കൈകൊണ്ട് എഴുതിയതുമായ ബില്ലുകളാണ്. കൂടാതെ, പൊതുജന ബോധവത്കരണ പരിപാടികൾ നടത്തുന്നതിനായി സർക്കാർ ഏജൻസിയായ സീഡിറ്റിനെ ഏൽപ്പിക്കുന്നതിന് പകരം സ്വകാര്യ കമ്പനികളെയും വ്യക്തികളെയും ചുമതലപ്പെടുത്തിയതിലും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ഓഡിറ്റിങ് നടത്തിയിട്ടുണ്ടെന്നാണ് ഡോ. മുഹമ്മദ് അഷീലിന്റെ വിശദീകരണം. എങ്കിലും ഈ മറുപടിക്ക് ആധാരമായ കൃത്യമായ രേഖകൾ ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് ധനകാര്യ പരിശോധനാ വിഭാഗം അറിയിച്ചു. അതിനാൽ തന്നെ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഔദ്യോഗിക നിലപാട്. അതേസമയം, അന്നത്തെ വകുപ്പ് മന്ത്രിയുടെ പൂർണ്ണമായ അറിവോടെയും നിർദേശപ്രകാരവുമാണ് താൻ കാര്യങ്ങൾ ചെയ്തതെന്ന് അഷീൽ വ്യക്തമാക്കി. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ആരോഗ്യ മന്ത്രി കെ. മുരളീധരൻ, ബ്രേക്ക് ദി ചെയിൻ പദ്ധതി മാത്രമല്ല, കോവിഡ് കാലത്തുണ്ടായ എല്ലാത്തരം സാമ്പത്തിക ഇടപാടുകളും സർക്കാർ വിശദമായി പരിശോധിക്കുമെന്ന് ഉറപ്പുനൽകി.
dfsdfrdf

