യുക്രെയ്നിൽ രാഷ്ട്രീയ അഴിച്ചുപണി; പ്രധാനമന്ത്രി യൂലിയ സ്വിരിഡെങ്കോ രാജിവെച്ചു
ശാരിക
കിയവ്: ഒരു വർഷത്തെ ഭരണത്തിന് ശേഷം പ്രധാനമന്ത്രി യൂലിയ സ്വിരിഡെങ്കോ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യുക്രെയ്നിൽ വൻ സർക്കാർ അഴിച്ചുപണിക്ക് തുടക്കമിട്ട് പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി. പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടെ നിലവിലെ മന്ത്രിസഭ ഒന്നടങ്കം രാജി സമർപ്പിച്ചു. പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിലെ ഈ അഴിച്ചുപണിയെന്ന് സെലെൻസ്‌കി എക്സിലൂടെ (X) വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറിയെങ്കിലും, യുക്രെയ്‌നിന്റെ പ്രധാന അന്താരാഷ്ട്ര പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുമതല സ്വിരിഡെങ്കോക്ക് നൽകുമെന്ന് സെലെൻസ്‌കി അറിയിച്ചു. പുതിയ പ്രധാനമന്ത്രി ആരെന്നോ, സ്വിരിഡെങ്കോ വഹിക്കാൻ പോകുന്ന പുതിയ പദവി എന്താണെന്നോ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിക്ക് പുറമെ നിയമപാലന ഏജൻസികളുടെ തലപ്പത്തും വരുംദിവസങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് സൂചന നൽകിയിട്ടുണ്ട്.
യുക്രെയ്ൻ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ അഴിമതി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നിർണായക ഭരണമാറ്റം. യുക്രെയ്നിലെ ഏറ്റവും വലിയ അഴിമതിക്കേസായി കരുതപ്പെടുന്ന 'മിഡാസ് കേസ്' സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. സ്റ്റേറ്റ് ന്യൂക്ലിയർ പവർ കമ്പനിയായ എനർഗോ ആറ്റവുമായി ബന്ധപ്പെട്ട് 100 മില്യൺ ഡോളറിന്റെ അഴിമതി നടന്നുവെന്ന ആരോപണം പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങളെ പോലും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, ഉയർന്ന തലത്തിലുള്ള അഴിമതികളെ നേരിടാൻ തങ്ങൾക്ക് കഴിയുമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് യുക്രെയിനിന്റെ ലക്ഷ്യം.
അതേസമയം, പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിവിധ പ്രമുഖരുടെ പേരുകൾ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. ഊർജ മന്ത്രി ഡെനിസ് ഷിമിഹാൽ, പ്രതിരോധ മന്ത്രി മിഖായ്ലോ ഫെഡോറോവ്, നാഫ്‌റ്റോഗാസ് മേധാവി സെർഹി കൊറെറ്റ്‌സ്കി എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചയിലുള്ളത്. ഇതിൽ കൊറെറ്റ്‌സ്കിക്ക് സാധ്യത കൂടുതലാണെന്ന് പ്രതിപക്ഷ എം.പി യാരോസ്ലാവ് ഷെലെസ്‌നിയാക്ക് അഭിപ്രായപ്പെട്ടു. നിലവിൽ വാഷിങ്ടണിലെ യുക്രെയ്ൻ അംബാസഡറായ ഒൽഗ സ്റ്റെഫാനിഷിനക്ക് പകരം സ്വിരിഡെങ്കോ അവിടെ ചുമതലയേൽക്കുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ട്. പാർലമെന്റിന്റെ അംഗീകാരത്തോടെ ഉടൻ തന്നെ പുതിയ സർക്കാർ രൂപീകരിക്കാനാണ് സെലെൻസ്‌കിയുടെ നീക്കം.
fsdf

