രാമക്ഷേത്ര സംഭാവന തട്ടിപ്പ് : അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്


ഷീബ വിജയൻ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. കേസ് അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്.ഐ.ടി) ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന്റെ നിലവിലെ അവസ്ഥയും സംഘത്തിലുള്ള മറ്റ് അംഗങ്ങളുടെ വിവരങ്ങളും അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട വിവിധ ഹരജികൾ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചത്. കേസിൽ കേന്ദ്ര-ഉത്തർപ്രദേശ് സർക്കാരുകൾക്കും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനും കോടതി നോട്ടീസ് അയച്ചു. പ്രത്യേക അന്വേഷണ സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം കേസിൽ കൂടുതൽ നിർദേശങ്ങൾ നൽകുമെന്ന് ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവർ വ്യക്തമാക്കി.

ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജൻസികളെ ചുമതലപ്പെടുത്തണമെന്നും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ വിശദമായ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നുമാണ് ഹരജിക്കാരുടെ പ്രധാന ആവശ്യം. നരേന്ദ്ര കുമാർ ഗോസ്വാമി, അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ്, ആർ.ജെ.ഡി എം.പി സുധാകർ സിങ് എന്നിവരാണ് കോടതിയെ സമീപിച്ച ഹരജിക്കാർ. ക്ഷേത്രത്തിനായി ലഭിച്ച സംഭാവനകളുടെയും ഇതുവരെ ചെലവഴിച്ച തുകയുടെയും കൃത്യമായ കണക്കുകൾ ട്രസ്റ്റ് സുപ്രീം കോടതിയിൽ നേരിട്ട് സമർപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഡിജിറ്റൽ ലെഡ്ജറുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, യു.പി.ഐ ഇടപാടുകൾ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി നിർദേശിക്കണമെന്നും തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യത തടയണമെന്നും ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്. ഉത്തർപ്രദേശ് സർക്കാർ ജൂൺ 13നാണ് ഈ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കേസിൽ ഇതുവരെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എങ്കിലും നിലവിലെ അന്വേഷണ പ്രക്രിയ തൃപ്തികരമല്ലെന്നും കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹരജിക്കാർ വാദിക്കുന്നത്. കേസിൽ അടുത്ത തവണ വാദം കേൾക്കുമ്പോൾ ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം ഉണ്ടായേക്കും.

article-image

jkljkljkljkl

You might also like

  • Lulu Exchange
  • Straight Forward

Most Viewed