ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങി


ഷീബ വിജയൻ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും സുദീർഘവുമായ കൂട്ടുകെട്ടുകളിലൊന്നിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിങ്സും (സി.എസ്.കെ) മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങും വഴിപിരിയുന്നു. 18 വർഷം നീണ്ട ഊഷ്മളമായ ബന്ധത്തിനൊടുവിലാണ് ഫ്രാഞ്ചൈസിയും ഫ്ലെമിങ്ങും പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സി.എസ്.കെ മാനേജ്‌മെന്റുമായുള്ള സുതാര്യവും തുറന്നതുമായ ചർച്ചകൾക്ക് ശേഷമാണ് പരസ്പര ബഹുമാനത്തോടെ ഈ തീരുമാനമെടുത്തത്. 2023-ലെ ഐ.പി.എൽ കിരീട നേട്ടത്തിന് ശേഷം, 2024, 2025, 2026 വർഷങ്ങളിൽ തുടർച്ചയായി പ്ലേ ഓഫിലെത്താൻ സി.എസ്.കെയ്ക്ക് കഴിയാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതാണ് ഫ്ലെമിങ്ങിന്റെ അപ്രതീക്ഷിത പടിയിറക്കത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. 2008-ലെ പ്രഥമ ഐ.പി.എൽ സീസണിൽ കളിക്കാരനായാണ് മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കൂടിയായ ഫ്ലെമിങ് സി.എസ്.കെയുടെ ഭാഗമാകുന്നത്. തുടർന്ന് 2009-ൽ മുഖ്യ പരിശീലകന്റെ കുപ്പായമണിഞ്ഞ അദ്ദേഹം ടീമിനെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ഫ്ലെമിങ്ങിന് കീഴിൽ അഞ്ച് ഐ.പി.എൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും സി.എസ്.കെ സ്വന്തമാക്കിയിട്ടുണ്ട്. റെക്കോർഡായ 12 തവണ പ്ലേ ഓഫിലെത്തിയ ടീം, പത്ത് തവണ ഫൈനലിലും കളിച്ചു. കായികരംഗത്ത് 18 വർഷമെന്നത് ഒരു ജീവിതകാലമാണെന്നും തികഞ്ഞ കൃതജ്ഞതയോടെയാണ് താൻ പടിയിറങ്ങുന്നതെന്നും സ്റ്റീഫൻ ഫ്ലെമിങ് വൈകാരികമായി പ്രതികരിച്ചു. തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ സവിശേഷതയായിരുന്നു സി.എസ്.കെക്കൊപ്പമുള്ള കാലമെന്നും ഒന്നിച്ച് നേടിയ നേട്ടങ്ങളിൽ അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം രണ്ട് പതിറ്റാണ്ടോളം സി.എസ്.കെ കോച്ചിങ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു ഫ്ലെമിങ്ങെന്ന് ടീം ഉടമ രൂപ ഗുരുനാഥ് പറഞ്ഞു. ടീമിന്റെ ഐഡന്റിറ്റിയും ലക്ഷ്യങ്ങളും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചതായും അവർ വ്യക്തമാക്കി. ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ സി.എസ്.കെ എന്തായിരിക്കണമെന്ന് രൂപപ്പെടുത്താൻ ഫ്ലെമിങ്ങിന് കഴിഞ്ഞുവെന്ന് സി.എസ്.കെ മാനേജിങ് ഡയറക്ടർ കെ.എസ് വിശ്വനാഥൻ പറഞ്ഞു. സ്ഥിരത, വിനയം, ടീമിന് മുൻഗണന നൽകൽ എന്നിവയിലൂന്നിയ ഒരു സംസ്കാരം വളർത്തിയെടുക്കാനും കളിക്കാരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

article-image

dcxdvcdfvc

You might also like

  • Lulu Exchange
  • Straight Forward

Most Viewed