ബഹ്‌റൈനിലെ ടയർ വിപണി ; ചൈനീസ് ബ്രാൻഡുകൾക്ക് പ്രിയമേറുന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ കാർ ടയർ വിപണിയുടെ 80 ശതമാനവും ചൈനീസ് ബ്രാൻഡുകൾ കൈയടക്കിയതായി ഡെയ്ലി ട്രിബ്യൂൺ ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ജാപ്പനീസ് ടയറുകളുടെ നാലിലൊന്ന് വിലയ്ക്ക് ചൈനീസ് ടയറുകൾ ലഭ്യമാകുന്നതാണ് വാഹന ഉടമകളെ ഇതിലേക്ക് ആകർഷിക്കുന്നത്. വിപണിയിൽ മുൻപ് ആധിപത്യം പുലർത്തിയിരുന്ന ജാപ്പനീസ്, കൊറിയൻ ബ്രാൻഡുകളെ പിന്നിലാക്കിയാണ് ചൈനീസ് ഉൽപ്പന്നങ്ങളുടെ ഈ മുന്നേറ്റം. നിലവിൽ വിപണിയിൽ വിൽക്കപ്പെടുന്ന അഞ്ചിൽ നാല് ടയറുകളും ചൈനീസ് നിർമ്മിതമാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിട്ടെയിൽ കച്ചവടക്കാർ പറയുന്നു.
നാല് ജാപ്പനീസ് ടയറുകളുടെ ഒരു സെറ്റിന് ഏകദേശം 400 ബഹ്‌റൈൻ ദിനാർ (ഒരു ടയറിന് 100 ദിനാർ വീതം) വില വരുമ്പോൾ, ചൈനീസ് ടയറുകളുടെ ഒരു ഫുൾ സെറ്റ് വെറും 100 ദിനാറിന് സ്വന്തമാക്കാനാകും. നിലവിൽ 80 ശതമാനത്തിലധികം ഉപഭോക്താക്കളും ചൈനീസ് ടയറുകളാണ് ആവശ്യപ്പെടുന്നത്. കടുത്ത ചൂടും ദീർഘദൂര യാത്രകളും കാരണം ടയറുകൾക്ക് വേഗത്തിൽ തേയ്മാനം സംഭവിക്കുന്ന വേനൽക്കാലത്താണ് വിൽപ്പന ഏറ്റവും കൂടുതൽ ഉയരുന്നത്. ഗുണനിലവാരത്തിൽ ഇപ്പോഴും മുന്നിൽ ജാപ്പനീസ് ടയറുകളാണെങ്കിലും അവയ്ക്ക് വലിയ വില നൽകേണ്ടി വരുന്നു എന്നതാണ് ചൈനീസ് ടയറുകളിലേയ്ക്ക് തിരിയാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നത്. ഇത് കാരണം കുറഞ്ഞ ദൂരം മാത്രം യാത്ര ചെയ്യുന്നവർ അവരുടെ താൽക്കാലിക ആവശ്യങ്ങൾക്കായി വിലകുറഞ്ഞ ചൈനീസ് ബ്രാൻഡുകളാണ് തിരഞ്ഞെടുക്കുന്നത്. ബഹ്‌റൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ടയറുകളും ബന്ധപ്പെട്ട ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകാറുണ്ട്. ടയർ വാങ്ങുമ്പോൾ ഉൽപ്പാദിപ്പിച്ച രാജ്യം, തീയതി എന്നിവ ഉപഭോക്താക്കൾ ഇപ്പോൾ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. അതേസമയം വിപണിയിൽ പൊതുവെ ചൈനീസ് ടയറുകൾക്ക് ഒരു വർഷവും, തായ് ടയറുകൾക്ക് മൂന്ന് വർഷം വരെയും, ജാപ്പനീസ് ടയറുകൾക്ക് അഞ്ച് വർഷം വരെയുമാണ് വാറന്റി ലഭിക്കുന്നത്.
cxbvcb

