തമിഴ്‌നാട്ടിലെ സമ്പൂർണ്ണ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു


ശാരിക

ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളുടെയും കിടാവുകളുടെയും അറവിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തമിഴ്‌നാട് സംസ്ഥാന സർക്കാറിന്റെ ഹരജിയിലാണ് സുപ്രീംകോടതി ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി പരിഗണിക്കുന്നതിനിടെ ഹൈകോടതി ഉത്തരവിൽ ‘തിരുത്തൽ’ ആവശ്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. വിഷയത്തിൽ വിശദമായ മറുപടി സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഹിന്ദു മക്കൾ കക്ഷി നേതാവ് കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ബക്രീദിന് പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് തടയണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാൽ കേസ് പരിഗണിച്ച മദ്രാസ് ഹൈകോടതി, ബക്രീദ് ദിനത്തിൽ മാത്രമല്ല, സംസ്ഥാനത്ത് ഒരിടത്തും ഒരു ദിവസവും പശുവിനെയോ കിടാവിനെയോ അറുക്കാൻ അനുവദിക്കരുതെന്ന് ഉത്തരവിടുകയായിരുന്നു. സംസ്ഥാനത്ത് പശുക്കളെയോ കന്നുകുട്ടികളെയോ അറക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉറപ്പാക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. പാലുത്പാദനം വർധിപ്പിക്കുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി 1976ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിനെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ മേയ് 27ന് ഹൈകോടതി ഈ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈകോടതി ഉത്തരവ് 1958ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലുള്ള നിയമപ്രകാരം, പത്ത് വയസ്സിന് മുകളിലുള്ളതും പ്രജനനത്തിനോ കാർഷിക ജോലികൾക്കോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അറക്കാൻ അനുമതിയുണ്ട്. ഈ നിയമവ്യവസ്ഥ നിലനിൽക്കെയാണ് ഹൈകോടതി സംസ്ഥാനത്ത് സമ്പൂർണ ഗോവധ നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാറിന്റെ പ്രധാന വാദം.

article-image

scdffds

You might also like

  • Lulu Exchange
  • Straight Forward

Most Viewed