ബലിപെരുന്നാൾ : ദോഹ മുനിസിപ്പാലിറ്റി ഭക്ഷ്യശാലകളിൽ പരിശോധന ശക്തമാക്കുന്നു
ദോഹ : ദോഹ മുനിസിപ്പാലിറ്റി ഭക്ഷ്യശാലകളിലും കടകളിലും പരിശോധനകൾ ശക്തമാക്കുന്നു. ബലിപെരുന്നാൾ ആഘോഷങ്ങൾക്കു മുന്നോടിയായാണ് പരിശോധന ശക്തമാക്കുന്നത്. ആഘോഷവേളയിൽ ലഭിക്കുന്ന വിഭവങ്ങൾ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുകയാണ് മുനിസിപ്പാലിറ്റി അധികൃതരുടെ ലക്ഷ്യം.
രാവിലെ ഏഴു മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ രാത്രി ഒന്പതു വരെയുമാകും പരിശോധന. ഈദ് അവധിദിനങ്ങളിലും സെൻട്രൽ മാർക്കറ്റിലും ഇൻഡസ്‌ട്രിയൽ ഏരിയയിലെ കടകളിലും ഊർജിത പരിശോധന തുടരും. ഈ ദിവസങ്ങളിൽ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വിഭാഗവും ഇൻഡസ്‌ട്രിയൽ ഏരിയയിലും പരിസരങ്ങളിലും പരിശോധനയ്‌ക്കെത്തും.
ഇറച്ചി ആവശ്യാനുസരണം ലഭിക്കുന്നുവെന്നുറപ്പാക്കാൻ വെള്ളിയൊഴികെ എല്ലാദിവസവും രാവിലെ അഞ്ചുമുതൽ ഉച്ചയ്‌ക്കു മൂന്നുവരെ അറവുശാലകൾ പ്രവർത്തിക്കും. സെൻട്രൽ മാർക്കറ്റിനോടുചേർന്ന അറവുശാല വൈകിട്ട് ആറുവരെ പ്രവർത്തിക്കും. വെള്ളി രാവിലെ അഞ്ചുമുതൽ 10 വരെ മാത്രമേ ഇവിടെ പ്രവർത്തനമുണ്ടാകൂ. സെൻട്രൽ മാർക്കറ്റിലേയും കോർണിഷിലേയും മീൻ ചന്തകളിലും പരിശോധന ശക്തമാക്കുന്നുണ്ട്.
ഞായർ മുതൽ പ്രത്യേക പരിശോധനകൾ നടത്തുന്നതിന് ആരോഗ്യ സുരക്ഷാ വിഭാഗം കർമപദ്ധതി തയ്യാറാക്കിയതായി ദോഹ നഗരസഭ അധികൃതർ അറിയിച്ചു. സെൻട്രൽ മാർക്കറ്റ്, അറവുശാലകൾ എന്നിവ കേന്ദ്രീകരിച്ച് വെള്ളി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ അഞ്ചുമുതൽ വൈകിട്ട് ആറുവരെ തുടർച്ചയായി പരിശോധനയുണ്ടാവും. വെള്ളി രാവിലെ അഞ്ചുമുതൽ 10 വരെയും ഉച്ചയ്‌ക്ക് ഒരു മണിമുതൽ വൈകിട്ട് ആറുവരെയും രണ്ടു ഷിഫ്‌റ്റുകളിലായാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധനയ്‌ക്കെത്തുക.

