നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതിയായ അധ്യാപകൻ ഡോ. എം.കെ.റാമിന് സുപ്രീംകോടതിയിലും മുൻകൂർ ജാമ്യമില്ല
ശാരിക
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാർഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. റാമിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ക്ലാസ് മുറിയില്‍ വെച്ച് നിതിന്‍ രാജ് ക്രൂരമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് എം. കെ. റാമിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. വിദ്യാർഥികളോട് ഒരധ്യാപകൻ ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടത് എന്ന് ഹരജി പരിഗണിക്കവെ റാമിന്‍റെ അഭിഭാഷകനോട് കോടി കടുത്ത ഭാഷയിൽ ചോദിച്ചു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ചാണ് നിതിനെ അധിക്ഷേപിച്ചതെന്ന വ്യക്തമായ മൊഴിയുണ്ടെന്നും, അധ്യാപകനെതിരെ അന്ന് തക്കതായ നടപടിയെടുത്തിരുന്നുവെങ്കില്‍ ഒരപൂർവ്വ ജീവൻ നഷ്ടമാകാതെ സാഹചര്യം മറ്റൊന്നാകുമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. സഹപാഠികൾക്ക് മുന്നിൽവെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർഥികൾക്കുണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും ചോദിച്ച കോടതി, ഈ ക്രൂരത കാണുമ്പോൾ 'മനുഷ്യത്വരഹിതം' എന്ന വാക്ക് മാത്രമാണ് തങ്ങളുടെ മനസില്‍ വരുന്നത് എന്നും കൂട്ടിിച്ചേർത്തു.
അതേസമയം, കുറ്റാരോപിതനായ ഡോ. റാം കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന വിവരം സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് ഈ കേസ് അന്വേഷിച്ചു വരുന്നത്.

