ഗജപൂജയ്‌ക്കെന്ന വ്യാജേന തമിഴ്‌നാട് മന്ത്രിയുടെ മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്ന് ആനകളെ എത്തിച്ചു


മകന്റെ വിവാഹത്തിന് കേരളത്തിൽ നിന്നും ആനകളെ എത്തിച്ച, തമിഴ് നാട് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ബി. മൂർത്തി വിവാദത്തിൽ. മധുരയിൽ നടന്ന വിവാഹത്തിലാണ് ഗജപൂജയ്‌ക്കെന്ന വ്യാജേനെ വനവംകുപ്പിന്റെ അനുമതി വാങ്ങി ആനകളെ എത്തിച്ചത്. ആനകളെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകർക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ പകർപ്പ് 24ന് ലഭിച്ചു.

സെപ്റ്റംബർ ഒൻപതിനായിരുന്നു വിവാഹം. കേരളത്തിൽ നിന്നും സാധു, നാരായണൻ കുട്ടി എന്നീ ആനകളെയാണ് അതിഥികളെ സ്വീകരിക്കാനായി മധുരയിലേക്ക് എത്തിച്ചത്. ഇത്തരം കാര്യങ്ങൾക്കായി ആനകളെ ഉപയോഗിക്കരുതെന്ന നിയമം നിലനിൽക്കുന്നതിനാൽ ഗജപൂജയ്ക്കു വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനുമതി വാങ്ങിയത്. കേരളത്തിലെ ആനകളുടെ ഉടമകൾക്ക് ഇക്കാര്യം അറിമായിരുന്നോ എന്ന കാര്യത്തിൽ ഉറപ്പില്ല. ആർഭാട പൂർവം നടത്തിയ വിവാഹത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഇവരെയെല്ലാം സ്വീകരിച്ചത്, നിയമവിരുദ്ധമായി പ്രദർശിപ്പിച്ച ഈ ആനകൾ ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് പരിസ്ഥിതി പ്രവർത്തകർ നൽകിയ അപേക്ഷയ്ക്ക് വനംവകുപ്പിന്റെ മധുര ഡിവിഷനിൽ നിന്നും മറുപടി എത്തിയത്. ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ആനകളെ ഇത്തരത്തിൽ ഉപയോഗിയ്ക്കാൻ അനുമതി നൽകിയിട്ടില്ലെന്നും ഗജപൂജയ്ക്കായി കേരളത്തിൽ നിന്നും രണ്ട് ആനകളെ എത്തിയ്ക്കാൻ മാത്രമായി അനുമതി നൽകിയിട്ടുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക സ്ഥാനത്തിരിയ്ക്കുന്ന മന്ത്രിതന്നെ ഇത്തരത്തിൽ നിയമലംഘനം നടത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. മന്ത്രി ബി. മൂർത്തി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ആനകളെ പ്രദർശിപ്പിച്ച കാര്യത്തിൽ മന്ത്രിയ്‌ക്കെതിരെ വനംവകുപ്പ് നടപടിയെടുക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്.

article-image

57578

You might also like

Most Viewed