വിഷ്ണുപ്രിയ കൊലക്കേസ്: പൊലീസ് സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. ന്യൂനതകൾ ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി എസിജെഎം കോടതി കുറ്റപത്രം മടക്കിയത്. കോടതി ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിച്ച് അടുത്ത ദിവസം വീണ്ടും കുറ്റപത്രം സമർപ്പിക്കുമെന്ന് പാനൂർ പൊലീസ് അറിയിച്ചു. ഒക്ടോബർ 22നാണ് പാനൂർ വല്ല്യായിലെ വിഷ്ണുപ്രിയ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടത്.
കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ 23കാരൻ ശ്യാംജിത്താണ് പ്രതി. കൊലപാതകം ശ്യാംജിത്ത് ഒറ്റയ്ക്കാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള കൊലപാതകം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിപുലമായി ആസൂത്രണം നടത്തിയാണ് പ്രതി കൃത്യം നിർവഹിച്ചത്. കൊല നടത്താനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. ആകെ 75ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷ്ണുപ്രിയയുടെ ശരീരത്തിൽ പതിനെട്ടോളം മുറിവുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. കഴുത്ത് 75 ശതമാനം അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൃത്യത്തിന്റെ ക്രൂരത ഇതിൽ നിന്നും വ്യക്തമാണെന്നും കുറ്റപത്രം പറയുന്നു. അന്വേഷണം പൂർത്തിയാക്കിയ പാനൂർ എസ്.എച്ച്.ഒ എം.പി ആസാദ് ഇന്നലെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ttd