ചട്ടവിരുദ്ധമായി കെ.ടി ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സ്വപ്‌ന സുരേഷ്

മുൻ മന്ത്രി കെ.ടി ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ. മാധ്യമം ദിനപത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. കത്തിന്‍റെ കരടും വാട്ട്‌സ്ആപ്പ് ചാറ്റും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കി. ഹൈക്കോടതിയിൽ സ്വപ്‌ന നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്നത്. കോൺസൽ ജനറൽ മുഖേന യുഎഇ ഭരണാധികാരിക്കു കൊടുക്കാൻ തയാറാക്കിയ കത്താണ് താൻ ഹാജരാക്കിയതെന്ന് സ്വപ്‌ന പറഞ്ഞു. യുഎഇ അധികൃതരുടെ ശ്രദ്ധക്കുറവ് മൂലം കോവിഡ് കാലത്ത് അവിടെ നിരവധി ആളുകൾ മരിച്ചതായി മാധ്യമം ദിനപത്രം വാർത്ത നൽകിയിരുന്നു. ഈ വാർത്ത യുഎഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗൾഫ് മേഖലയിൽ മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ജലീൽ കത്ത് തയാറാക്കിയത്.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ ഇത്തരത്തിൽ നേരിട്ടു കത്തയയ്ക്കുന്നതു ചട്ടവിരുദ്ധമാണെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. കെ.ടി ജലീൽ പലതവണ കോൺസൽ ജനറലുമായി സംസാരിച്ചിരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നയതന്ത്ര ചാനൽ വഴിയുള്ള വഴിവിട്ട ഇടപാടുകൾക്കു മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും പാർട്ടിയുടെയും പിന്തുണ ഉണ്ടാകുമെന്ന് കോൺസൽ ജനറൽ തന്നോടു പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിവരങ്ങൾ ഉള്ള തന്‍റെ മൊബൈൽ ഫോൺ എൻഐഎയുടെ കൈവശമാണ്. ഈ ഫോൺ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ നശിപ്പിച്ചതാകാമെന്നും സ്വപ്‌ന ആരോപണമുന്നയിച്ചു. എൻഐഎയിൽ മുഴുവൻ കേരള കേഡർ ഉദ്യോഗസ്ഥരാണെന്ന് നേരത്തെ ശിവശങ്കർ തന്നോട് പറഞ്ഞിരുന്നെന്നും സ്വപ്‌ന വാദം ഉന്നയിച്ചു.