തെരുവിൽ കിടന്ന വയോധികയെന്ന് പറഞ്ഞ് അമ്മയെ അഗതിമന്ദിരത്തിലാക്കി മകൻ


ആൾ‍മാറാട്ടം നടത്തി അമ്മയെ അഗതിമന്ദിരത്തിലാക്കി മുങ്ങിയ മകനെതിരെ കേസെടുത്ത് പോലീസ്. മഹാത്മ ജനസേവനകേന്ദ്രത്തിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തിൽ‍ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരി (71)യെ മകൻ അജികുമാർ തെരുവിൽ വീണ് കിടന്ന വയോധികയെന്ന് പറഞ്ഞ് അഗതിമന്ദിരത്തിലാക്കുകയായിരുന്നു. അജികുമാറിന്റെ വാക്കുകൾ കേട്ട് മഹാത്മ ജനസേവനകേന്ദ്രം വയോധികയെ ഏറ്റെടുത്തു. എന്നാൽ, രണ്ട് ദിവസത്തിനുള്ളിൽ ഇയാളുടെ കള്ളി വെളിച്ചത്താവുകയായിരുന്നു.

ജൂലൈ 14നായിരുന്നു അജികുമാർ അമ്മയെ അഗതിമന്ദിരത്തിലെത്തിച്ചത്. വഴിയിൽ അപകടകരമായ നിലയിൽ കിടക്കുന്നത് കണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇയാൾ ഇവിടെ എത്തിയത്. ജൂലൈ 14 രാത്രി വൃദ്ധയുമായി വഴിയിൽ‍ നിന്ന മകൻ അജികുമാർ‍ പൊലീസ് വാഹനത്തിന് കൈ കാണിക്കുകയും, തന്റെ പേർ ബിജുവെന്നാണെന്നും അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും പറഞ്ഞു. രാത്രി അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കണമെന്ന് അഭ്യർ‍ഥിച്ചു. പൊലീസും അജികുമാറും ചേർന്ന് വയോധികയെ അടൂർ‍ മഹാത്മ ജനസേവന കേന്ദ്രത്തിലാക്കി. തുടർ‍ന്ന് 16ന് പകൽ‍ ജ്ഞാനസുന്ദരിയുടെ ഫോണിലേക്ക് നിരന്തരം വന്ന ഫോൺകോളുകളിൽ‍ നിന്നും പരിചയക്കാരനായ ബിജു എന്ന പേരിൽ‍ സംസാരിച്ചയാൾ‍ അനുമതി നേടി ഇവരെ കാണാനെത്തി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ‍ സംശയം തോന്നിയ അധികാരികൾ ഇയാളെ കുറിച്ച് അന്വേഷിച്ചു. അങ്ങനെയാണ് ഇയാൾ തന്നെയാണ് മകൻ എന്ന് തിരിച്ചറിഞ്ഞത്. അമ്മയെ ഉപേക്ഷിക്കുവാൻ മനഃപൂർവ്വം ഇങ്ങനെ ചെയ്തതാണെന്ന് സമ്മതിക്കുകയും ചെയ്തു. അജികുമാറിനെതിരെ അമ്മയെ തെരുവിൽ‍ ഉപേക്ഷിച്ചതിനും, ആൾ‍മാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും, മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും പോലീസ് കേസെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed