എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണി; കെ.കെ രമ


എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ. സിപിഐ പ്രവർത്തക ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി മുൻ മന്ത്രി എംഎം മണി രംഗത്തെത്തിയതിന് പിന്നാലെ ഒരു പ്രമുഖ വാർത്താമാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു രമ. മോശം പ്രസ്താവനകൾ പാർട്ടിയെയാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് എം.എം മണി മനസിലാക്കുന്നില്ല. ഇതിനെ ന്യായീകരിക്കുകയാണ് കുറേയാളുകൾ. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. അത് ആർജവത്തോടൂ കൂടി ആനി രാജ പറഞ്ഞതാണ് എം.എം. മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്. സി.പി.ഐ.എമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

എം.എം. മണി എത്ര കാലമായി സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുന്നു. പാർട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോദിക്കുന്നത്. നാടൻ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചുകാണുകയാണ് പാർട്ടി നേതൃത്വം. എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് ശരിയാണോ?. ഇവരെ നിയന്ത്രിക്കാൻ സിപിഐഎം തയ്യാറായില്ലെങ്കിൽ അവർക്ക് വലിയ അധഃപ്പതനമാകും ഉണ്ടാവുകയെന്നും കെ.കെ. രമ എം.എൽ.എ വ്യക്തമാക്കി.

കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ലെന്നാണ് മണി സൂചിപ്പിച്ചത്. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. അവർ ഡൽഹിയിൽ അല്ലേ ഉണ്ടാക്കൽ, സിപിഐയുടെ പരാമർശം കാര്യമാക്കുന്നില്ല. ഇന്നലെ തൊടുപുഴയിൽ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മണിയുടെ പരാമർശം.

സിപിഐ പറഞ്ഞത് ഞാൻ കാര്യമാക്കുന്നില്ല. ആനി രാജ ഡൽഹിയിലല്ലേ, കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കൽ. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്‌ക്കെങ്ങനെ അറിയാൻ സാധിക്കും. ഇനി അവർ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed