തളിക്കുളം ബാറിലെ കൊലപാതകം; ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ‍


തൃശൂർ‍ തളിക്കുളത്ത് ബാറിൽ‍ വച്ചുണ്ടായ സംഘർ‍ഷത്തിൽ‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ‍ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിലായി. ബിൽൽ മാറി തിരിമറി നടത്തിയതിന് താക്കീത് നൽ‍കിയ ജീവനക്കാരൻ ഏൽ‍പ്പിച്ച ക്വട്ടേഷന്‍ എന്നാണ് സൂചന. പ്രതികൾ‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തി. ബാറുടമയുടെ സഹായി പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങൽ‍ വീട്ടിൽ‍ ബൈജുവാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ‍ പുറത്തുവന്നു.

ഇന്നലെ രാത്രി 9.45ഓടെയായിരുന്നു കൊലപാതകം നടന്നത്. തളിക്കുളത്തെ പുത്തന്‍തോട് പ്രവർ‍ത്തിക്കുന്ന സെൻ‍ട്രൽ‍ ബാറിലാണ് സംഭവം. പത്ത് ദിവസം മുന്‍പാണ് ബാർ‍ പ്രവർ‍ത്തനമാരംഭിച്ചത്. ബാറിലെ ജീവനക്കാരനായ അമൽ‍, വിഷ്ണു എന്നിവരാണ് ക്വട്ടേഷൻ നൽ‍കിയത്. 

ഒന്നര ലക്ഷം രൂപ ഇവർ‍ ബില്ലിൽ‍ തിരിമറി നടത്തിയെന്ന് ബാറുടമ കൃഷ്ണരാജ് കണ്ടെത്തിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയ കൃഷ്ണരാജ് ഇവരെ ചോദ്യം ചെയ്തു. ഇതിന്റെ തുടർ‍ച്ചയായി വിഷയം പറഞ്ഞുതീർ‍ക്കാനാണ് ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾ‍ എത്തിയത്.

ബാറിൽ‍ വച്ച് ഇവർ‍ സംസാരിക്കുന്നതിനിടയിൽ‍ തർ‍ക്കമുണ്ടാകുകയും കൃഷ്ണരാജ് പണം തിരികെ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതിൽ‍ പ്രകോപിതാരായാണ് കൃഷ്ണരാജിനെ കുത്തിയത്. കുത്തേറ്റ ഇയാൾ‍ ക്യാബിനിലേക്ക് ഓടിക്കയറി. ബൈജു, ആനന്ദ് എന്നിവരും കൃഷ്ണരാജിനൊപ്പമുണ്ടായിരുന്നു. റിസപ്ഷന് പുറത്ത് വച്ച് ഇവർ‍ക്കും കുത്തേൽ‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും വഴി ബൈജു മരണപ്പെട്ടു. ബാറുമട കൃഷ്ണരാജിനെയും അനന്തുവിനെയും ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You might also like

Most Viewed