കേരളത്തിലെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം


സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ കുറിപ്പുമായെത്തുന്നവർ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യമായ മുന്നൊരുക്കം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായത്.

കേരളത്തിൽ മരുന്നു ക്ഷാമം രൂക്ഷമാകുമെന്ന വാർത്ത കഴിഞ്ഞ മെയ് 23 നാണ് 24 പുറത്തുവിട്ടത്. ഇത് ശരിവയ്ക്കുന്നതാണ് ഭൂരിഭാഗം ആശുപത്രികളിലേയും ഇപ്പോഴത്തെ സാഹചര്യം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ 75, ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിൻ നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20, സെഫ്ട്രിയാക്സോൺ തുടങ്ങി പലതരം ആന്റിബയോട്ടിക് ഇൻജക്ഷനുകളും കിട്ടാനില്ല. ഇതോടെ രോഗികൾ ഉയർന്ന വില നൽകി പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്

ടെണ്ടർ നടപടികൾ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. മുൻ വർഷങ്ങളിൽ ഡിസംബറിൽ മരുന്ന് വാങ്ങാനുള്ള ടെണ്ടർ വിളിച്ചിരുന്നു.ഫെബ്രുവരിയോടെ അന്തിമ പട്ടികയായി മാർച്ചിൽ പർച്ചേസ് ഓർഡർ നൽകി ഏപ്രിൽ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും. എന്നാൽ ഇത്തവണ ജൂൺ പകുതിയോടെയാണ് ടെണ്ടർ നടപടികളായത്. മരുന്ന് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് ക്ഷാമമുള്ള ആശുപത്രികളിലേക്ക് മാറ്റി താത്കാലിക പരിഹാരത്തിനാണ് ഇപ്പോഴത്തെ ശ്രമം. ഈ മാസം അവസാനത്തോടെ കൂടുതൽ മരുന്ന് എത്തുമെന്നാണ് നൽകുന്ന വിശദീകരണം.

You might also like

Most Viewed