വധഗൂഢാലോചന കേസ് സിബിഐക്ക് വിടുന്നതിനെ എതിർത്ത് സർക്കാർ
ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചന കേസ് സിബിഐക്ക് വിടുന്നതിനെ ഹൈക്കോടതിയിൽ എതിർത്ത് സംസ്ഥാന സർക്കാർ. എഫ്‌ഐആർ റദ്ദാക്കുന്നില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഏജൻസിയെ തെരഞ്ഞെടുക്കാൻ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നിലവിലെ അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കേസ് സിബിഐക്ക് വിടുന്ന വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്നും മറ്റേതെങ്കിലും ഏജൻസിക്ക് അന്വേഷണം കൈമാറുന്നതിൽ എതിർപ്പുണ്ടോയെന്നും കോടതി ചോദിച്ചു. തെളിവുകൾ കയ്യിലുണ്ടായിരുന്നിട്ടും സംവിധായകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ചോദിച്ച കോടതി, നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേ എന്നും ചോദിച്ചു.
വധഗൂഡാലോചനാ കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിച്ചും തെളിവുകൾ നശിപ്പിച്ചു. ഏഴ് ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് 6 ഫോണുകൾ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ നീക്കം ചെയ്തെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
എന്നാൽ അത്തരം കാര്യങ്ങളിലേക്ക് കൂടുതൽ കടക്കേണ്ടതില്ലെന്നും ഒരു കുറ്റകൃത്യം വെളിപ്പെട്ടു എന്ന് കരുതിയാൽ മതിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ബാലചന്ദ്രകുമാറും ദിലീപും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്.
