വിൽ സ്മിത്ത് മുഖത്തടിച്ച ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്കർ അക്കാദമി
ഓസ്കർ പുരസ്കാര വിതരണത്തിനിടെ വിൽ സ്മിത്ത് മുഖത്തടിച്ച അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്കർ അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്ണുതയിൽ നന്ദിയുണ്ട് എന്നും വാർത്താകുറിപ്പിലൂടെ അക്കാദമി പറഞ്ഞു. സംഭവത്തിൽ വിൽ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി പറഞ്ഞു.
സിനിമകളിൽ നിന്നുള്ള വിലക്കാവും വിൽ സ്മിത്ത് നേരിടേണ്ടിവരിക. സംഭവത്തിനു ശേഷം വിൽ സ്മിത്തിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഏപ്രിൽ 18ന് ചേരുന്ന യോഗത്തിൽ വിൽ സ്മിത്തിനെതിരെ വോട്ടെടുപ്പിലൂടെ നടപടി സ്വീകരിക്കും. അടുത്ത 15 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ വിശദീകരണം നൽകാം എന്നും അക്കാദമി പറഞ്ഞു.
അതേസമയം, സംഭവത്തിനു പിന്നാലെ ക്രിസ് റോക്കിൻ്റെ കോമഡി ഷോയുടെ ടിക്കറ്റുകൾക്കുള്ള വില വളരെ ഉയർന്നിരുന്നു. മാർച്ച് 18ന് ടിക്കറ്റ് നിരക്ക് 46 ഡോളറിൽ നിന്ന് 341 ഡോളറായി ഉയർന്നു എന്നാണ് റിപ്പോർട്ട്. നിറഞ്ഞ സദസ്സിൽ കഴിഞ്ഞ ദിവസം ബോസ്റ്റണിൽ നടത്തിയ ഷോയിൽ ക്രിസ് റോക്കിനെ കാഴ്ചക്കാർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിച്ചിരുന്നു.
ജേഡ പിങ്കറ്റ് സ്മിത്തിൻ്റെ അലൊപേഷ്യ രോഗാവസ്ഥയെ ക്രിസ് റോക്ക് കളിയാക്കിയതാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണ് അലോപേഷ്യ. 1997ൽ പുറത്തിറങ്ങിയ ജിഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ ജേഡയെ കാണാമെന്ന് റോക്ക് പറഞ്ഞു. ഇത് സ്മിത്തിനെ പ്രകോപിപ്പിച്ചു. വേദിയിലേക്ക് കയറിവന്ന അദ്ദേഹം റോക്കിന്റെ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു. ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് അദ്ദേഹം റോക്കിനെ താക്കീത് ചെയ്യുകയും ചെയ്തു.
