ബസിൽ‍ അപമര്യാദയായി പെരുമാറിയ മധ്യവയസ്കനെ ടൗണിലൂടെ ഓടിച്ച് പിടിച്ച് വിദ്യാർ‍ത്ഥിനി


കെഎസ്ആർ‍ടിസി ബസിൽ‍ വച്ച് അപമര്യാദയായി പെരുമാറിയ ആളെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ച് പിടികൂടി വിദ്യാർ‍ത്ഥി. കരിവെള്ളൂർ‍ കുതിരുമ്മലെ പി. തമ്പാൻ പണിക്കരുടെയും ടി. പ്രീതയുടെയും മകൾ‍ പി.ടി ആരതിയാണ് തനിക്ക് നേരെ അതിക്രമം നടത്താൻ ശ്രമിച്ച മാണിയാട്ട് സ്വദേശി രാജീവനെ (52) പിടികൂടി പൊലീസിൽ‍ ഏൽ‍പ്പിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരിൽ‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ആരതി മോശം പെരുമാറ്റം നേരിട്ടത്. തിരക്കേറിയ ബസിൽ‍ യാത്രക്കിടയാണ് രാജീവൻ ആരാതിയെ ശല്യം ചെയ്തത്. മോശം പെരുമാറ്റം അനുഭവപ്പെട്ടതോടെ മാറി നിൽ‍ക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അയാൾ‍ അനുസരിച്ചില്ലെന്ന് ആരതി പറഞ്ഞു. ബസിലെ മറ്റ് യാത്രക്കാരും സംഭവത്തോട് പ്രതികരിച്ചില്ല. ഇതോടെ ഫോണിൽ‍ പിങ്ക് പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇത് അറിഞ്ഞതോടെ ബസ് കാഞ്ഞങ്ങാട് ടൗണിലെത്തിയപ്പോൾ‍ രാജീവൻ ഇറങ്ങിയോടുകയായിരുന്നു. പ്രതിയെ പിടികൂടണമെന്ന് ഉറപ്പിച്ച് ആരതിയും പിന്നാലെ ഓടി. ഇതിനിടെ രക്ഷപ്പെടാനായി രാജീവൻ ഒരു ലോട്ടറി കടയിൽ‍ കയറി നിന്നു. ഇത് മനസിലാക്കിയ ആരതി സമീപത്തെ കടക്കാരോട് വിവരം പറഞ്ഞു. തുടർ‍ന്ന് എല്ലാവരും എത്തി രാജീവനെ തടഞ്ഞുനിർ‍ത്തുകയും വിവരം പൊലീസിൽ‍ അറിയിക്കുകയായിരുന്നു.

You might also like

  • Straight Forward

Most Viewed