പുരാവസ്തു തട്ടിപ്പിൽ ബന്ധം; ഐജി ജി ലക്ഷ്മണിന് സസ്പൻഷൻ

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ ട്രാഫിക്ക് ഐജി ഗുഗുല്ലോത്ത് ലക്ഷ്മണിന് സസ്പൻഷൻ. ഫയലിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പിട്ടു. ലക്ഷ്മണെതിരെ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തിരിക്കുന്നത്. ജനുവരിയിൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പൻഷൻ. 2010 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ഐജി ജി ലക്ഷ്മൺ.
ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐജി മോൻസണിൻ്റെ വീട്ടിൽ താമസിച്ചു എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അറസ്റ്റിന് തൊട്ടുമുൻപ് വരെ മോൻസണും ഐജിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
തട്ടിപ്പിനിരയായവർക്കെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചത് ഐജി ലക്ഷ്മൺ ആണ്. പുരാവസ്തുക്കളിൽ ചിലത് തിരുവനന്തപുരത്ത് എത്തിക്കാൻ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുൻപ് മോൻസണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നൽകി. ലോക്ക്‌ഡൗൺ കാലത്ത് മോൻസൺ പറയുന്നവർക്കെല്ലാം ഐജി യാത്രാ പാസ് നൽകി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.