ദത്ത് വിവാദം: മന്ത്രി സജി ചെറിയാന് എതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്


തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മന്ത്രി സജി ചെറിയാൻ അപമാനകരമായ പരാമർശം നടത്തിയെന്ന അനുപമയുടെയും അജിത്തിന്റെയും പരാതിയിൽ കേസ് എടുക്കാൻ പറ്റില്ലെന്ന് ശ്രീകാര്യം പൊലീസ്. മന്ത്രിയുടെ പ്രസംഗത്തിൻറെ വീഡിയോ പരിശോധിച്ചെന്നും കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.

അനുപമ പരാതി നൽകിയതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ഇരുവരെയും കുറിച്ച് താൻ തെറ്റ് ഒന്നും പറഞ്ഞില്ലെന്നും താൻ ആരുടെയും പേര് പറഞ്ഞില്ലിന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. സത്യസന്ധമായി ആണ് താൻ കാര്യങ്ങൾ പറഞ്ഞത്. രക്ഷിതാവ് എന്ന നിലയിലായിരുന്നു അഭിപ്രായ പ്രകടനം. ചതിക്കുഴികൾ എല്ലായിടത്തും ഉണ്ടെന്നും അതാണ് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാഹം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക. എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രണയിക്കുക. പിന്നീട് വളരെ ചെറുപ്പമായ മറ്റൊരു പെൺകുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും കുഞ്ഞിനെ നൽകുക. അതു ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ പെൺകുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണം എന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണമെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. സ്ത്രീമുന്നേറ്റം ലക്ഷ്യമാക്കിയുള്ള സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം കാന്പസിൽ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സജി ചെറിയാൻ വിവാദ പരാമർശനം നടത്തിയത്. ദത്ത് വിവാദത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവർത്തിക്കുന്നതിനിടെയാണ് മന്ത്രി വിവാദയുടെ വിവാദ പരാമർശം വലിയ ചർച്ചയായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പൊലീസിൽ പരാതി നൽകിയത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed