ഭരണനിർവഹണ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാമത്; യുപി ഏറ്റവും പിന്നിൽ


 

ന്യൂഡൽഹി: രാജ്യത്തെ ഭരണനിർവഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയിൽ (പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ്) കേരളം ഇന്ത്യയിൽ ഒന്നാമത്. ബംഗളൂരൂ ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-21 വർഷത്തെ സൂചിക പുറത്തുവിട്ടത്. പ്രധാനമായും സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. ദ ഹിന്ദുവാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്‌കൃത പദ്ധതിയും പരിശോധിച്ചു. മഹാമാരിയെ നേരിട്ട രീതിയും പഠനവിഷയമായി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമത്. 18 സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ. ചെറിയ സംസ്ഥാനങ്ങളിൽ സിക്കിമാണ് ഒന്നാം സ്ഥാനത്ത്. മണിപ്പൂർ ഏറ്റവും പിന്നിൽ. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതുച്ചേരിയാണ് ഒന്നാമത്. ആൻഡമാർ നിക്കോബാർ ദ്വീപുകൾ ഏറ്റവുമൊടുവിലും. 1.618 സ്‌കോറാണ് മൊത്തം പ്രകടനത്തിൽ കേരളം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തു വന്ന തമിഴ്‌നാട് 0.897 പോയിന്റു നേടി. തെലങ്കാനയാണ് മൂന്നാമത്, 0.891 പോയിന്റ്. ആദ്യ മൂന്നു സ്ഥാനത്തും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് എന്നതും ശ്രദ്ധേയമായി. ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. -1.418 ആണ് ഉത്തർപ്രദേശിന്റെ സ്‌കോർ. തൊട്ടുമുകളിൽ ബിഹാറാണ്, സ്‌കോർ -1.343. ഒഡിഷയും പശ്ചിമബംഗാളുമാണ് ബിഹാറിന് മുകളിലുള്ളത്.

You might also like

Most Viewed