ഏഴ് എസ്എഫ്ഐ നേതാക്കൾക്കെതിരേ എഐഎസ്എഫ് വനിതാ നേതാവിന്‍റെ പരാതി

കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷത്തിൽ ഏഴ് എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസ്. എഐഎസ്എഫ് വനിതാ നേതാവിന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപം നടത്തി, മർദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നും ബലാത്സംഗ ഭീഷണിമുഴക്കി കയറിപ്പിടിച്ചെന്നും വനിതാ നേതാവ് പരാതിയിൽ പറയുന്നു.
സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് എഐഎസ്എഫ് പ്രവർത്തകനെ മർദ്ദിച്ചതിൽ വനിതാ നേതാവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇവർക്കെതിരേ എസ്എഫ്ഐ രംഗത്തുവന്നത്. സംഭവത്തിൽ ആക്രമണത്തിനിരയായ എഐഎസ്എഫ് പ്രവർത്തകരും വനിതാ നേതാവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിൽ ഇ തുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.