സില്‍വർ‍ ലൈൻ പദ്ധതി; കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ



സില്‍വർ‍ ലൈൻ പദ്ധതിയുടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവാണ് നിലാപട് വ്യക്തമാക്കിയത്.
കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് കേരളം ചർച്ചയില്‍ വ്യക്തമാക്കി. 33,700 കോടി രൂപ എഡിബി അടക്കമുള്ള വിദേശ ഏജന്‍സികളില്‍ വായ്പ എടുക്കാനാണ് ശുപാര്‍ശ. 63,941 കോടിയാണ് സെമി ഹൈ സ്പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. അതേസമയം, പദ്ധതിയുടെ അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിക്കായി ഏറ്റെടുക്കേണ്ട 1383 ഹെക്ടർ ഭൂമിയിൽ 1198 ഹെക്ടറും സ്വകാര്യവ്യക്തികളുടേതാണ്. സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 11837 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം ശബരി റെയില്‍ പാത കെ റെയില്‍ ഏറ്റെടുത്ത് നടത്താമെന്ന നിവേദനം സംസ്ഥാന സർക്കാര്‍ കേന്ദ്രത്തിന് കൈമാറി. മഴ മാറിയാല്‍ ശബരി റെയില്‍ പാതയുമായി ബന്ധപ്പെട്ട സർവേ നടപടികള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് കെ റെയില്‍.

You might also like

Most Viewed