കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാൾ മരിച്ചു

കൊട്ടാരക്കര: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് മാഫിയാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് രാഹുലിന് കുത്തേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെ പുലമൺ കോട്ടപ്പുറത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കുന്നിക്കോട് ചക്കുപാറ സ്വദേശി വിഷ്ണു, സഹോദരൻ വിനീത് (ശിവൻ), കൊട്ടാരക്കര സ്വദേശി രാഹുൽ എന്നിവർക്കാണ് കുത്തേറ്റത്. കൊട്ടാരക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന സിദ്ദിഖിന് മർദ്ദനത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ നേരത്തെ നിലനിൽക്കുന്ന ചില്ലറ വാക്കുതർക്കങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനായി ബുധനാഴ്ച വൈകുന്നേരം സിദ്ദിഖിനെയും സുഹൃത്ത് ഹാരിസിനെയും കുന്നിക്കോട്ടേക്ക് എതിർകക്ഷികൾ വിളിപ്പിച്ചിരുന്നു. ഇവിടെവച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. സിദ്ദിഖിനെ കാര്യമായി മർദ്ദിച്ചു. പരിക്കേറ്റ സിദ്ദിഖിനെ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഇരുകൂട്ടരിലും ഉൾപ്പെട്ടവർ ഒത്തുതീർപ്പ് ശ്രമം നടത്തി. ഇതിന്‍റെ ഭാഗമായിട്ടാണ് വിഷ്ണുവും വിനീതുമടങ്ങുന്ന സംഘത്തെ കൊട്ടാരക്കരയിലേക്ക് വിളിപ്പിച്ചത്. സിദ്ദിഖ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ പരിസരത്തുവച്ച് ചർച്ച തുടങ്ങവെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവിഭാഗത്തിലുമായി മുപ്പതിൽപ്പരം ആളുകൾ ഉണ്ടായിരുന്നു. കല്ലുവച്ച് ചിലരെ ഇടിച്ചു. നോ പാർക്കിംഗ് ബോർഡ് വച്ച് അടിച്ചു. തുടർന്നാണ് കത്തിക്കുത്തിലേക്ക് കടന്നത്. മൂന്നുപേരെ കുത്തി. കുത്തേറ്റ രാഹുൽ ആശുപത്രിയിലേക്ക് ഓടിക്കയറിയപ്പോൾ അക്രമിസംഘം പിന്നാലെയെത്തി വീണ്ടും ആക്രമിച്ചു. ഓപ്പറേഷൻ തീയേറ്ററിലും പ്രസവ മുറിയിലുമൊക്കെ രാഹുൽ ഓടിക്കയറി. ഇവിടെയെല്ലാം രക്തം ചീറ്റിത്തെറിച്ച നിലയിലാണ്. ഏറെനേരത്തെ സംഘർഷത്തിന് ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും അക്രമികൾ രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മുപ്പതോളംപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തുടർ സംഘർഷത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. ആശുപത്രിയിൽ കഴിയുന്നവർക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരക്കരയിൽ സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട് ഒരു മാഫിയാ സംഘം തന്നെ തഴച്ചുവളരുന്നുണ്ട്. പോലീസിന്‍റെയോ മോട്ടാർ വാഹന വകുപ്പിന്‍റെയോ നിയന്ത്രണങ്ങൾക്കു വിധേയമായല്ല ഇവരുടെ പ്രവർത്തനം. രോഗികളിൽ നിന്നും അമിതകൂലി പിടിച്ചു വാങ്ങുന്നവരാണ് അധികവും. കൊട്ടാരക്കര താലൂക്കാശുപത്രി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഒട്ടനവധി പരാതികളുണ്ടായതിനെ തുടർന്ന് സ്വകാര്യ ആംബുലൻസുകളെ താലൂക്കാശുപത്രി വളപ്പിൽ നിന്നും മാറ്റിയെങ്കിലും ആശുപത്രി പരിസരങ്ങളിൽ തന്നെ പാർക്കു ചെയ്തു വരുന്നു. ഇവരുടെ ഏജന്‍റുമാർ സദാ സമയവും ആശുപത്രിയിലുമുണ്ടാകും. ചില ജീവനക്കാരുടെ പിന്തുണയും ഇവർക്കുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവർമാരും ഏജന്‍റുമാരുമാണ് അധികവും. ഡ്രൈഡേയിൽ ആംബുലൻസ് മറയാക്കി ആശുപത്രി വളപ്പിൽ മദ്യവിൽപന നടത്തിയ ചരിത്രവും കൊട്ടാരക്കര താലൂക്കാശുപത്രിക്കുണ്ട്.