പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായി 20ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ പ്രവേശനം 750 പേർക്ക്


തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രവേശനം 750 പേർക്ക്. ഈ മാസം 20നു മൂന്നരയ്ക്കു സെൻട്രൽ േസ്റ്റഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. പൊതുജനങ്ങൾക്കു പ്രവേശനം ഇല്ല. ആറു മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ ഏൽപിച്ചു കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുന്പോഴേക്കും മുഴുവൻ പേരും ഔദ്യോഗിക വാഹനം തിരികെ ഏൽപിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, സ്ഥാനം ഒഴിയുന്ന മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിൽനിന്നുള്ള പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി 750 പേരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക.

പഴയ മന്ത്രിസഭ കെയർടേക്കറായി തുടരുന്നുണ്ടെങ്കിലും മന്ത്രിമാരിൽ പലരും അപൂർവമായി മാത്രമേ ഇപ്പോൾ സെക്രട്ടേറിയറ്റിലെ ഓഫിസിൽ എത്തുന്നുള്ളൂ. നിലവിൽ ഇന്നോവ ക്രിസ്റ്റ വണ്ടികളാണു മന്ത്രിമാർക്കു നൽകിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാർക്കു നൽകും.

കെയർടേക്കർ മന്ത്രിമാർ ആരും ഇതുവരെ ഓഫിസും ഔദ്യോഗിക വസതിയും ഒഴിഞ്ഞിട്ടില്ല. പുതിയ മന്ത്രിസഭയിലും ഇവരിൽ ചിലർ അംഗങ്ങളായി തുടരുകയാണെങ്കിൽ ഒഴിയേണ്ട കാര്യമില്ല. സ്ഥാനം ഒഴിയുന്ന മന്ത്രിമാർക്ക് ഓഫിസും വസതിയും ഒഴിയാൻ 15 ദിവസത്തെ സാവകാശം ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed