സർക്കാരിനെ മുൾ മുനയിലാക്കി ഫോറൻസിക്; സെ​ക്ര​ട്ട​റി​യ​റ്റി​ലെ തീ​പി​ടി​ത്തം ഷോ​ട്ട്സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് കണ്ടെത്തൽ


തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സർക്കാർ‌ വാദങ്ങൾ പൊളിച്ച് ഫോറൻസിക് റിപ്പോർട്ട്. സെക്രട്ടറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തം ഷോട്ട്സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. ഇക്കാര്യം വിശദീകരിക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. തീപിടിത്തത്തിൽ ഫയലുകൾ മാത്രമാണ് കത്തിയത്. ഇവിടെ ഉണ്ടായിരുന്ന സാനിറ്റൈസർ ഉൾപ്പെടെ മറ്റ് വസ്തുക്കൾ കത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ‌ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഫോറൻസിക് വിഭാഗം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഫോറൻസിക് വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടർ സാഗറിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 24 ഓളം സാമ്പിളുകൾ ശേഖരിച്ചിരുന്നു.

ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ അഥോറിറ്റി കമ്മീഷണർ ഡോ. എ കൗശികന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സർക്കാരിനു കൈമാറുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി. തീപിടിത്തത്തിനു കാരണം ഷോർട്ട്സർക്യൂട്ടാണെന്നാണ് ഫയർഫോഴ്സും അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രതിപക്ഷ പാർട്ടികൾക്കും മാധ്യമങ്ങൾക്കും എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. തെറ്റായ വാർത്ത നൽകിയെന്ന് ആരോപിച്ച് മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിൽ പരാതിയും നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed