കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത ജസ്റ്റിസ് അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത ജസ്റ്റിസ് കെ.കെ ഉഷ (81) അന്തരിച്ചു. കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. 1991 മുതൽ 2001 വരെ ഹൈക്കോടതിയിൽ പ്രവർത്തിച്ചു. 2000−2001ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു. അഭിഭാഷകയായി പ്രവർത്തിച്ച ശേഷം ജഡ്ജിയാവുകയും ചീഫ് ജസ്റ്റിസാവുകയും ചെയ്ത ആദ്യ വനിതയാണ് ഉഷ.
1961ൽ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ 1979ൽ കേരള ഹൈക്കോടതിയിൽ ഗവ. പ്ലീഡറായി. 1991 ഫെബ്രുവരി 25 മുതൽ 2001 ജൂലൈ 3 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയും 2000−2001ൽ ചീഫ് ജസ്റ്റീസുമായി. വിരമിച്ച ശേഷം 2001−2004 കാലഘട്ടത്തിൽ കസ്റ്റംസ്, സെൻട്രൽ എക്സൈസ് ട്രിബ്യൂണൽ ചെയർപേഴ്സൺ ആയിരുന്നു കെ.കെ ഉഷ. അനുശോചിച്ച് മുഖ്യമന്ത്രി നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ.കെ ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ഉഷയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.