നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജഡ്ജി സുപ്രീംകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രിംകോടതിയിൽ. ആവശ്യം സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ നവംബർ 29നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാൽ, കൊവിഡ് സാഹചര്യവും ലോക്ക് ഡൗണും കാരണം ഈ സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് ആദ്യം ഹൈക്കോടതിയെ അറിയിച്ചു.
ജഡ്ജിയുടെ കത്ത് ഹൈക്കോടതി രജിസ്ട്രാർ സുപ്രിംകോടതിക്ക് കൈമാറുകയായിരുന്നു. നടിയെ ആക്രമിച്ച കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ജഡ്ജിയുടെ ആവശ്യം ചൊവ്വാഴ്ച പരിഗണിക്കും. കോടതി നിലപാട് ആരാഞ്ഞാൽ അനുകൂലിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
നടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വനിതാ ജഡ്ജിയെ കേസ് പരിഗണിക്കാൻ നിയോഗിച്ചത്. ദിലീപും മറ്റും പ്രതികളും മേൽകോടതിയിലടക്കം ഹർജി നൽകിയതിനാൽ കേസിന്റെ വിചാരണ രണ്ട് വർഷത്തോളം നീണ്ടിരുന്നു. പിന്നീടാണ് നടി പ്രത്യേക ഹർജി നൽകിയത്.