സിപിഎമ്മിനെ നയിക്കുന്നത് സംഘപരിവാർ മനസുള്ളവരെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിനെ നയിക്കുന്നതെന്ന് സംഘപരിവാർ മനസുള്ളവരാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും നടത്തുന്നവരാണ് സിപിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമെന്നും മുല്ലപ്പള്ളി ആരോപിച്ചു. രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ ആർഎസ്എസ് നേതാവാണെന്ന കോടിയേരിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്‍റെ ആർഎസ്എസ് വിരോധം ഒട്ടും ആത്മാർഥതയില്ലാത്തതാണ്. ദീർഘകാലം ആർഎസ്എസിനും സിപിഎമ്മിനും ഇടയ്ക്കുള്ള പാലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു ആർഎസ്എസ് നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഈ ആർഎസ്എസ് നേതാവിന്‍റെ വെളിപ്പെടുത്തലിനെ നിരാകരിക്കാനോ തള്ളിപ്പറയാനോ ഇതുവരെ തയാറായിട്ടില്ല. നേതാക്കളുടെ സംഘപരിവാര്‍ മനസാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതണ്ട. കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടാക്കാമെന്ന കോടിയേരിയുടെ സൃഗാലബുദ്ധി നടക്കില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.