നടവരവ് പരസ്യമാക്കേണ്ടെന്നു ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം
പത്തനംതിട്ട : ശബരിമലയിലെ നടവരവ് പരസ്യമാക്കേണ്ടെന്നു ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. മണ്ഡലകാലത്തെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതോടെ നടവരവു പരസ്യപ്പെടുത്തിയാല്‍ അതു തീര്‍ഥാടനത്തെ ബാധിക്കുമെന്ന് ബോര്‍ഡ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴുകോടിയുടെ കുറവുണ്ടെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. വരുമാനം കുറഞ്ഞത് ഔദ്യോഗികമായി പുറത്തുവിട്ടാല്‍ രാഷ്ട്രീയമായി സര്‍ക്കാരിനുമേല്‍ ആരോപണം വന്നേക്കും.
പമ്പയിലും നിലയ്ക്കലിലും അപ്പം, അരവണ കൗണ്ടറുകള്‍ തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിക്കാൻ ബോർഡ് തീരുമാനിച്ചു. സന്നിധാനത്തു നിയന്ത്രണം വന്നതോടെയാണ് കൗണ്ടറുകള്‍ പമ്പയിലും നിലയ്ക്കലിലും തുടങ്ങാന്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ചത്. എന്നാല്‍ സന്നിധാനത്തുനിന്നു ഭക്തര്‍ക്കു നല്‍കുന്നതു പ്രസാദമാണെന്നും അതു പമ്പയിലോ നിലയ്ക്കലിലോ വിതരണം ചെയ്താൽ കച്ചവടമായി കണക്കാക്കപ്പെടുമെന്നും ആരോപണമുയർന്നതോടെയാണ് നീക്കം ഉപേക്ഷിച്ചത്..
മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനു നടതുറന്ന് ഒരാഴ്ചയാകുമ്പോഴും മുൻ നാളുകളിലേതുപോലെ ഭക്തരുടെ ഒഴുക്ക് ശബരിമലയിലേക്കില്ല. കഴിഞ്ഞ മണ്ഡലകാലത്തെക്കാള്‍ ആദ്യ ആഴ്ചയില്‍ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഭക്തരുടെ കുറവ് അപ്പം, അരവണ വിൽപനയെയും സാരമായി ബാധിച്ചു. ഇതോടെയാണു നടവരവ് ഉള്‍പ്പടെയുള്ള വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിടേണ്ടെന്നു ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.



