മെഡിക്കൽ കോളജ് തീപിടിത്തം: ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തീപിടിത്തത്തിന് പിന്നാലെ ഐസിയുവിൽ നിന്നും മാറ്റിയ അഞ്ച് രോഗികൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ അന്വേഷണം നടത്തി അഞ്ച് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. രോഗികളെ മാറ്റാൻ സ്വീകരിച്ച നടപടികൾ, മരണകാരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായം എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർ, ജീവനക്കാർ, മരിച്ചവരുടെ ബന്ധുക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കൂടാതെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME) പ്രത്യേക റിപ്പോർട്ട് നൽകണം. മെയ് 8-ന് നടക്കുന്ന സിറ്റിംഗിൽ സർക്കാരിന്റെയും ഡി.എം.ഇയുടെയും പ്രതിനിധികൾ നേരിട്ട് ഹാജരാകണം.
മാർച്ച് 17-ന് രാവിലെ 8.55-ഓടെ ഒരു വെന്റിലേറ്ററിലുണ്ടായ തീപിടിത്തം ജീവനക്കാർ ഉടൻ തന്നെ അണച്ചിരുന്നു. തീപിടിത്തം കാരണമാണ് മരണം സംഭവിച്ചതെന്ന പ്രചാരണം തെറ്റാണെന്നും അത്തരം വ്യാജവാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കി.
്േു്ിു്



