കാടും നാടും വിറപ്പിച്ച വീരപ്പൻ ഓർമ്മയായിട്ട് ഒരു വ്യാഴവട്ടക്കാലം
കൊച്ചി: തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ കാടുകളില്‍ വിഹരിച്ചിരുന്ന കാട്ടുകള്ളനായിരുന്നു വീരപ്പന്‍. സത്യമംഗലം ഉള്‍പ്പടെയുള്ള കാടുകളായിരുന്നു വീരപ്പന്റെ വിഹാര കേന്ദ്രങ്ങള്‍. കൊലപാതകങ്ങള്‍, ആനവേട്ട, ചന്ദനവേട്ട തുടങ്ങിയവയായിരുന്നു വീരപ്പന്റെ പ്രധാന പ്രവര്‍ത്തന മേഖല.
സെല്‍വി ഗൗണ്ടര്‍ എന്ന വേട്ടക്കാരന്റെ സഹായിയായാണ് വനംകൊള്ളക്കാരനായി മാറിയ വീരപ്പന്‍ ജീവിതം തുടങ്ങുന്നത്. പത്താം വയസിലാണ് വീരപ്പന്‍ ആദ്യ ആനവേട്ടയ്ക്ക് ഇറങ്ങുന്നത്. ജീവിത കാലത്തിനിടെ തൊള്ളായിരത്തിലധികം ആനകളെ കൊന്നു. 200 ആനകളുടെ കൊമ്പുകള്‍ മോഷ്ടിച്ചിട്ടുണ്ട് വീരപ്പന്‍. ഇതിന്റെ മൂല്യം ഏതാണ്ട് 26,000,000 യുഎസ് ഡോളര്‍ മൂല്യം വരും. ഏറ്റവും കുറഞ്ഞത് ഇപ്പോഴത്തെ മൂല്യം അനുസരിച്ച് 175 കോടിയിലധികം രൂപ.പതിനായിരം ടണ്ണിലധികം ചന്ദനമാണ് വീരപ്പന്‍ നാല് പതിറ്റാണ്ടിനിടെ മുറിച്ച് കടത്തിയത്. ഇതിന്റെ മൂല്യം 150 കോടി രൂപയിലധികമാണ്. സത്യമംഗലം കാട്ടിലെ ഓരോ ചെറിയ ഇടവും വീരപ്പന് മനപ്പാഠമായിരുന്നു. മൃഗങ്ങളുടെ വരവ് അവര്‍ ഇലയൊടിക്കുന്ന ശബ്ദം കേട്ട് തിരിച്ചറിയാനുള്ള ശേഷി വീരപ്പന് ഉണ്ടായിരുന്നു.
17-ാം വയസിലാണ് ആദ്യ കൊലപാതകം. നാല് ദശാബ്ദത്തിനിടെ 184 പേരെ വീരപ്പന്‍ കൊന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 97 പേരും പൊലീസ് ഉദ്യോഗസ്ഥരോ വനപാലകരോ ആയിരുന്നു. കാട്ടുകള്ളന്‍ എന്ന കുപ്രസിദ്ധിയും നീളമുള്ള മീശയുമാണ് ഭാര്യ മുത്തുലക്ഷമിയെ വീരപ്പനിലേക്ക് ആകര്‍ഷിച്ചത്. മൂന്നാമത്തെ പെണ്‍കുഞ്ഞ് ജനിച്ചയുടന്‍ ഒരു പെണ്‍കുഞ്ഞിനെ വീരപ്പന്‍ ശ്വാസംമുട്ടിച്ച് കൊന്നു.
2000ത്തിലാണ് വീരപ്പന്‍ എന്ന കൊടും ക്രിമിനലിനെ പുരം ലോകം അറിയുന്നത്. രാജ്കുമാര്‍ എന്ന കന്നട ചലച്ചിത്രതാരത്തെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി. 109 ദിവസമാണ് രാജ്കുമാറിനെ വീരപ്പന്‍ ബന്ദിയാക്കിയത്. 30 കോടി രൂപയും സ്വര്‍ണ്ണവുമാണ് വീരപ്പന്‍ അന്ന് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. പിന്നാലെ കന്നഡ മന്ത്രിയായ എച് നാഗപ്പയെ 2002ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മോചനദ്രവ്യം വേണമെന്ന ആവശ്യം സാധിക്കാത്തതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം.
ഒരുതവണ വീരപ്പനെ പ്രത്യേക ദൗത്യസംഘം വളഞ്ഞു. ഉന്നം പിഴയ്ക്കാത്ത അവരിലൊരാള്‍ വീരപ്പന്റെ തലയ്ക്കാണ് ഉന്നം വെച്ചത്. ജീവന്‍ പോകും എന്ന അവസ്ഥയിലും വീരപ്പന്റെ നീക്കം നാടകീയമായിരുന്നു. പെട്ടെന്ന് മൊബൈല്‍ എടുത്ത വീരപ്പന്‍ വിളിച്ചത് ഒരു ഉന്നതനെയായിരുന്നു. വീരപ്പന്റെ കോള്‍ ഹോള്‍ഡ് ചെയ്ത ഉന്നതന്‍ മറ്റൊരു ഫോണ്‍ എടുത്ത് ദൗത്യസംഘത്തിന്റെ തലവനെ വിളിച്ചു. നോക്കി നില്‍ക്കെ വീരപ്പന്റെ തലയ്ക്കുനേരെ ഉന്നം വച്ച തോക്ക് താഴ്ത്തപ്പെട്ടു. വീരപ്പന്‍ അന്ന് തോക്കിന്‍ മുനയില്‍നിന്ന് രക്ഷപെടുകയും ചെയ്തു.
പുറം ലോകവുമായി മികച്ച ബന്ധമാണ് വീരപ്പന് ഉണ്ടായിരുന്നത്. ആദിവാസി പെണ്‍കുട്ടികള്‍ വഴിായിരുന്നു ഇത്. അറിയപ്പെടുന്ന എഴുത്തുകാരും പത്രപ്രവര്‍ത്തകരും ടെലിവിഷന്‍ ചാനലുകളും എല്ലാമായി നല്ല ബന്ധം വീരപ്പന്‍ സൂക്ഷിച്ചിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ പ്രധാന നഗരങ്ങളില്‍ വീരപ്പന് പിആര്‍ ഓഫീസ് ഉണ്ടായിരുന്നു.
2004 ഒക്ടോബര്‍ 18നാണ് വീരപ്പന്‍ കൊല്ലപ്പെടുന്നത്. ദൗത്യസംഘത്തിന്റെ പ്രത്യേക ഓപ്പറേഷനിലൂടെയാണ് കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച വീരപ്പന്റെ ജീവനെടുത്ത വെടിയൊച്ച മുഴങ്ങിയത്. അന്ന് വീരപ്പന്റെ തലയ്ക്ക് 5 കോടി രൂപയായിരുന്നു മൂല്യം. അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്താല്‍ ഇന്നത്തെ മൂല്യമനുസരിച്ച് 11 കോടിയിലധികം രൂപ വരും.വീരപ്പന്റെ ജീവനെടുത്ത ദൗത്യത്തിന് ഓപ്പറേഷന്‍ കൊക്കൂണ്‍ എന്നായിരുന്നു പേര്. ഇന്ത്യുടെ ചരിത്രത്തില്‍ പ്രത്യേക സംയുക്ത സംഘത്തിന്റെ ഏറ്റവും ചെലവേറിയ ദൗത്യം കൂടിയായിരുന്നു വീരപ്പന്‍ വേട്ട. ഏതാണ്ട് നൂറ് കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നാണ് കണക്ക്.

