തൃശൂർ ബിജെപി ഓഫീസിൽ 25 കോടിയുടെ കള്ളപ്പണം എത്തിയതായി ഗുരുതര ആരോപണം
ശാരിക
തൃശൂർ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടനാ സെക്രട്ടറിയുടെ മുറിയിൽ 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ യുവമോർച്ച ഭാരവാഹിയും ഓഫീസ് സെക്രട്ടറിയുമായിരുന്ന അക്ഷയ് രംഗത്തെത്തി.
സിസിടിവി ക്യാമറകൾ ഓഫ് ചെയ്തു വെച്ചാണ് ഇത്രയും തുക ഓഫീസിൽ സൂക്ഷിച്ചതെന്നും ഇതിന്റെ വിശദാംശങ്ങൾ സംഘടനാ സെക്രട്ടറി കെ പി സുരേഷ്, മുരളി കോളങ്ങാട്ട്, സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനീഷ് കുമാർ എന്നിവർക്ക് വ്യക്തമായി അറിയാമെന്നും അക്ഷയ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മറവിൽ വ്യക്തി കേന്ദ്രീകൃതമായി കോടികളുടെ കൊള്ളയാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടിഞ്ഞുപൊളിയാറായ ഒരു വീടാണ് പണം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നതെന്നും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബലേറോ കാറിൽ ഇതിൽ നിന്നും ഒരു കോടിയോളം രൂപ എടുത്തു നൽകാൻ സംഘടനാ സെക്രട്ടറിയുടെ നിർദേശപ്രകാരം താനും പോയിരുന്നുവെന്നും അക്ഷയ് വെളിപ്പെടുത്തി. അവിടെ നാല് ചാക്കുകളിലായി പണം കണ്ടെന്നും ഇതിനു രണ്ടു ദിവസം മുൻപ് 17 ചാക്ക് പണം ഓഫീസിന്റെ മുകളിലത്തെ നിലയിലേക്ക് കയറ്റി വെച്ചിരുന്നുവെന്നും ഓഫീസ് സിസിടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടത് ജനറൽ സെക്രട്ടറി സുജയ് സേനനാണെന്നും അക്ഷയ് കൂട്ടിച്ചേർത്തു.
dsff

