വരുമാനത്തിന്റെ 77 ശതമാനവും വിഴുങ്ങി 'ശമ്പളവും പെൻഷനും പലിശയും'; വികസനത്തിന് വകയില്ലാതെ കേരളം ശ്വാസം മുട്ടുന്നു!
ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തിന്റെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളം, പെൻഷൻ, പലിശ എന്നീ ഇനങ്ങളിലേക്ക് മാത്രമായി ചെലവഴിക്കേണ്ടി വരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം വ്യക്തമാക്കുന്നു. സർക്കാരിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്ന വിധത്തിൽ ഇത്തരം ബാധ്യതകൾ വർധിക്കുന്നത് വികസന പ്രവർത്തനങ്ങളെ പൂർണ്ണമായി മുരടിപ്പിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 77.6 ശതമാനവും ഈ മൂന്ന് ഇനങ്ങളിലേക്കായി മാത്രം ചെലവഴിച്ചു. ഇതിൽ ശമ്പളത്തിനായി 39,904 കോടി രൂപയും പെൻഷനായി 27,885 കോടി രൂപയും പലിശ നൽകുന്നതിനായി 29,138 കോടി രൂപയുമാണ് മാറ്റിവെച്ചത്. ആകെ 96,927 കോടി രൂപ ഈ ഇനങ്ങളിൽ മാത്രം ചെലവായിക്കഴിഞ്ഞു. വരും വർഷത്തിലും ഇത് 77 ശതമാനമായി തുടരുമെന്നാണ് സൂചനകൾ.
ദേശീയ ശരാശരി പ്രകാരം മറ്റ് സംസ്ഥാനങ്ങളുടെ ഇത്തരം ബാധ്യതാ ചെലവ് വരുമാനത്തിന്റെ 46.1 ശതമാനം മാത്രമായിരിക്കെ, കേരളത്തിന്റെ ബാധ്യത ഒന്നര ഇരട്ടിയിലധികമാണ്. കൈവശം വരുന്ന ഓരോ 100 രൂപയിലും 77 രൂപയും ഈ ആവശ്യങ്ങൾക്കായി മാറ്റുമ്പോൾ, ബാക്കിയുള്ള വെറും 23 രൂപ മാത്രമാണ് സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, ക്ഷേമപദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സഹായം എന്നിവക്കായി മിച്ചം വരുന്നത്. വരുമാനത്തിന്റെ വലിയൊരു പങ്ക് പലിശ നൽകാൻ ഉപയോഗിക്കേണ്ടി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കടമെടുക്കുന്ന തുക ആസ്തികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നതിന് പകരം ദൈനംദിന ചെലവുകൾക്കും പലിശ തിരിച്ചടവിനും ഉപയോഗിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്. 2025ൽ 262 ദിവസം സർക്കാരിന്റെ ദിവസേനയുള്ള വരവ്-ചെലവ് വ്യത്യാസം നികത്താൻ റിസർവ് ബാങ്ക് നൽകുന്ന താൽക്കാലിക വായ്പയെയും 84 ദിവസം ഓവർ ഡ്രാഫ്റ്റിനെയുമാണ് ആശ്രയിച്ചത്. ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യതയും നിലനിൽക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി ആയി ഉയർന്നപ്പോൾ കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ തകർച്ച നേരിടുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ധനകാര്യ സ്ഥിതി മെച്ചപ്പെടാൻ ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
waqsadsadsads

