ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണ നിർദേശങ്ങളുമായി ധവളപത്രം


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തകർന്ന ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമഗ്ര പരിഷ്‌കരണമാണ് ധവളപത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സപ്ലൈകോയുടെ നഷ്ടം നികത്താന്‍ ബിവറേജ് കോര്‍പ്പറേഷനുമായി ലയിപ്പിക്കണമെന്നാണ് പ്രധാന നിർദേശം. ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുജന സേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി നല്‍കണം, കെഎസ്ഇബി സ്വയംപര്യാപ്തമാകണം, തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ വേണം തുടങ്ങിയ കടുത്ത നിര്‍ദേശങ്ങളാണ് ധവളപത്രത്തിലുള്ളത്. കിഫ്ബിയിലും സമഗ്ര പരിഷ്‌കരണം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. ആകെ സ്ഥാപനങ്ങളില്‍ 132 എണ്ണം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മൊത്തം നിക്ഷേപത്തിന്റെ 86 ശതമാനവും അഞ്ച് സ്ഥാപനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. സഞ്ചിത നഷ്ടം 2021-22 ലെ 31,571 കോടി രൂപയില്‍ നിന്ന് 78,851 കോടി രൂപയായി വര്‍ദ്ധിച്ചു. കെഎസ്ആര്‍ടിസി, കെഎസ്എസ്പിഎല്‍, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളാണ് ആകെ നഷ്ടത്തിന്റെ 72 ശതമാനത്തിനും കാരണം. ഇവയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ബജറ്റ് വിഹിതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പ്രവർത്തനപരമായ കാര്യക്ഷമതയില്ലായ്മയോ ധന ദുർവിനിയോഗമോ മൂടിവെക്കാൻ സാമൂഹിക പ്രതിബദ്ധതയെ ഒരു ഒഴികഴിവായി ഉപയോഗിക്കരുതെന്നും സബ്സിഡികള്‍ ഉല്‍പാദനാധിഷ്ഠിതമാക്കുന്നതിന് പകരം ഉപഭോഗാധിഷ്ഠിതമാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കെഎസ്ഇബി വൈദ്യുതി നികുതി അടയ്ക്കാത്തത് സർക്കാരിന്റെ വരുമാനം കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് വരണമെന്ന തത്ത്വത്തിന്റെ ലംഘനമാണ്.

ബെവ്കോ വലിയ തുക നികുതിയായി അടയ്ക്കുമ്പോൾ സപ്ലൈകോ സബ്സിഡി കാരണം വൻ നഷ്ടം നേരിടുന്നു. ഇവ രണ്ടിനെയും മദ്യവിതരണത്തിനും സിവില്‍ സപ്ലൈസിനുമായി പ്രത്യേക ഡിവിഷനുകളുള്ള ഒറ്റ കോര്‍പ്പറേഷനായി ലയിപ്പിച്ചാൽ സപ്ലൈകോയുടെ നഷ്ടം ബെവ്കോയുടെ ലാഭവുമായി തട്ടിക്കിഴിക്കാനും നികുതി ഇനത്തില്‍ പുറത്തേക്ക് പോകുന്ന തുക കുറയ്ക്കാനും സാധിക്കും. തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങൾ വിറ്റഴിക്കാനോ പൂട്ടാനോ പരിഗണിക്കണം. സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതി ചെലവുകള്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. ഇത് എസ്സി/എസ്ടി/ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതി ചെലവുകൾ 9.24 ശതമാനത്തില്‍ നിന്ന് 3.85 ശതമാനമായി കുറയാൻ കാരണമായി. കൃഷി, വിദ്യാഭ്യാസം എന്നിവയിലെ ചെലവുകളിലും ഇടിവുണ്ടായിട്ടുണ്ട്.

സ്വകാര്യ നിക്ഷേപങ്ങളെയും സഹകരണ നിക്ഷേപങ്ങളെയും ശക്തമായി പ്രോത്സാഹിപ്പിക്കുകയും, ബജറ്റ് ഇതര വായ്പകളുടെ പരിധിയില്‍ വരാത്ത വിധം തദ്ദേശസ്ഥാപനങ്ങൾ വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിക്കുകയുമാണ് ഇതിനുള്ള പരിഹാരം. ഊര്‍ജ്ജ മേഖലയും സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി തുറന്നുകൊടുക്കേണ്ടതുണ്ട്. ഭൂനിയമങ്ങളും തൊഴില്‍ നിയമങ്ങളും പരിഷ്‌കരിക്കുകയും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകള്‍ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുന്‍ ആരോപണത്തെത്തുടര്‍ന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുറത്തുവിട്ട കണക്കുകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലില്‍ ഖജനാവിലുണ്ടായിരുന്ന 5,263.74 കോടി രൂപയെന്ന ഈ ഔദ്യോഗിക കണക്ക്.

article-image

ghvghghjghj

You might also like

  • Lulu Exchange
  • Straight Forward

Most Viewed